‘സൂര്യ, ഗൗതം ഭായ് പിന്തുണച്ചു’
Monday, October 14, 2024 3:10 AM IST
‘കടുത്ത സമ്മർദം ഉണ്ടായിരുന്നു. കാരണം, രാജ്യത്തിനായി കളിക്കാനിറങ്ങി ലഭിച്ച അവസരങ്ങളിൽ പരാജയപ്പെടുന്പോൾ സ്വാഭാവികമായി സമ്മർദം ഉണ്ടാകും. അതേസമയം, എനിക്ക് എന്തു ചെയ്യാൻ സാധിക്കും എന്ന് ഏവർക്കും മുന്നിൽ കാണിക്കേണ്ടിയുമിരുന്നു.
ക്യാപ്റ്റനും (സൂര്യകുമാർ യാദവ്) കോച്ചും (ഗൗതം ഗംഭീർ) എപ്പോഴും പറയുന്ന ഒരു കാര്യമുണ്ടായിരുന്നു, നിനക്ക് എന്തുചെയ്യാൻ സാധിക്കുമെന്ന് ഞങ്ങൾക്കറിയാം. അത് വെറും വാക്കുകളിൽ മാത്രമല്ലായിരുന്നു പ്രവൃത്തിയിലും അവർ കാഴ്ചവച്ചു. ശ്രീലങ്കൻ പര്യടനത്തിൽ രണ്ടു തവണ പൂജ്യത്തിനു പുറത്തായപ്പോൾ ഇനിയും അവസരം ലഭിക്കുമോ എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ, ബംഗ്ലാദേശിനെതിരായ പരന്പരയിലും സൂര്യയും ഗൗതം ഭായിയും എനിക്കൊപ്പം നിന്നു.
ബംഗ്ലാദേശിനെതിരായ പരന്പരയ്ക്കു മൂന്നാഴ്ച മുന്പ് ടീമിന്റെ നേതൃസംഘം- സൂര്യ, ഗൗതം ഭായ്, അഭിഷേക് നായർ (അസിസ്റ്റന്റ് കോച്ച്)- ഞാനായിരിക്കും ടീമിന്റെ ഓപ്പണർ എന്നറിയിച്ചിരുന്നു. കാര്യമായി മുന്നൊരുക്കം നടത്താൻ എനിക്കതു സഹായകമായി. ഞാൻ രാജസ്ഥാൻ റോയൽസ് അക്കാദമിയിൽ എത്തി. കുറേയേറെ ന്യൂബോൾ ബൗളർമാരെ നേരിട്ടു. മറ്റു പരന്പരകളുമായി തട്ടിച്ചുനോക്കിയാൽ 10 ശതമാനം കൂടുതൽ പരിശീലനത്തോടെയാണ് ഞാനെത്തിയത്. ഒരു ഓവറിൽ അഞ്ച് സിക്സ് എന്നത് എന്റെ മെന്ററിന്റെ സ്വപനമായിരുന്നു (ഇന്ത്യൻ ഇന്നിംഗ്സിന്റെ 10-ാം ഓവറിൽ രണ്ട് മുതൽ ആറുവരെയുള്ള പന്ത് സഞ്ജു സിക്സർ പറത്തി)- സഞ്ജു സാംസണ് പറഞ്ഞു.