മസിൽ മാൻ! ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച് സഞ്ജു സാംസണിന്റെ വെടിക്കെട്ട്
Monday, October 14, 2024 3:10 AM IST
സുനിൽ ഗാവസ്കർ, രവിശാസ്ത്രി, ഗൗതം ഗംഭീർ, ഹർഷ ഭോഗ്ലെ... സഞ്ജു സാംസണിന്റെ ക്രിക്കറ്റ് കഴിവിനെ വാനോളം പുകഴ്ത്തിയ, പുകഴ്ത്തുന്നവരിൽ പ്രധാനികൾ.
ലഭിച്ച അവസരങ്ങൾ മുതലാക്കുന്നില്ല എന്നു വിമർശിക്കുന്നവർവരെ സഞ്ജു സാംസണ് എന്ന മലയാളി വിക്കറ്റ് കീപ്പർ ബാറ്ററിന്റെ കഴിവിനെ കാണാതിരുന്നിട്ടില്ല. ബംഗ്ലാദേശിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിൽ മികച്ചൊരു ഇന്നിംഗ്സ് കാഴ്ചവച്ചില്ലെങ്കിൽ സഞ്ജു സാംസണിന്റെ കാര്യം പരിതാപകരമാകുമെന്നു പറയാനും നിരീക്ഷകർ മടികാണിച്ചില്ല.
ബംഗ്ലാദേശിനെതിരായ ആദ്യ രണ്ടു മത്സരങ്ങളിൽ അതിമനോഹരമായ ഷോട്ടുകളിലൂടെ ബൗണ്ടറികൽ നേടിയെങ്കിലും 29, 10 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറുകൾ. സ്വാഭാവികമായും മൂന്നാം മത്സരത്തിൽ സഞ്ജുവിനുള്ള സമ്മർദം ഇരട്ടിച്ചു. ആ സമ്മർദത്തെ അതിജീവിച്ച്, വിമർശകരുടെ വായടപ്പിച്ച് വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജു സാംസണിന്റെ മസിൽ പവർ ക്രിക്കറ്റ് ലോകം കണ്ടു. 47 പന്ത് നേരിട്ട് 236.17 സ്ട്രൈക്ക് റേറ്റുമായി എട്ട് സിക്സും 11 ഫോറും പായിച്ച് സഞ്ജു അടിച്ചുകൂട്ടിയത് 111 റണ്‍സ്. രാജ്യാന്തര ട്വന്റി-20യിൽ സഞ്ജുവിന്റെ കന്നി സെഞ്ചുറി. നേരിട്ട 22-ാം പന്തിൽ 50 കടന്ന സഞ്ജു 40-ാം പന്തിൽ സെഞ്ചുറി കുറിച്ചു. തുടർന്ന് ഗാലറിയിലേക്ക് ചിരിയോടെ നോക്കി കൈയുടെ മസിൽ പെരുപ്പിച്ചു കാണിച്ചു, ബൈബിളിലെ സാംസണിന്റെ കരുത്തുപോലെ...
സഞ്ജു/ഋഷഭ് പന്ത്
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിക്കാനായി സ്ഥിരം വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്തുമായാണ് സഞ്ജു സാംസണിനു മത്സരിക്കേണ്ടത്. ഓപ്പണിംഗ് റോളിലേക്ക് സഞ്ജുവിനെ പരിഗണിച്ചാൽ ഇരുവരും തമ്മിലുള്ള മത്സരം അവസാനിക്കുകയും ഇന്ത്യൻ ബാറ്റിംഗിന്റെ കരുത്ത് ഇരട്ടിക്കുകയും ചെയ്യുമെന്നതാണ് ബംഗ്ലാദേശിനെതിരായ മത്സരം അടിവരയിട്ടത്.
ഋഷഭ് പന്തിനു വിശ്രമം നൽകിയപ്പോൾ സഞ്ജു സാംസണിനെ ഓപ്പണർ റോളിൽ ഇറക്കുക എന്നതായിരുന്നു മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും ലക്ഷ്യം. കന്നി സെഞ്ചുറിയിലൂടെ ഇന്ത്യൻ ബാറ്റിംഗിനെ നെക്സ്റ്റ് ലെവലിലേക്ക് ഉയർത്താൻ തനിക്കു സാധിക്കുമെന്നു സഞ്ജു വ്യക്തമാക്കി.
മുസ്തഫിസുർ റഹ്മാൻ എറിഞ്ഞ എട്ടാം ഓവറിന്റെ അഞ്ചാം പന്ത് കവറിനു മുകളിലൂടെ സിക്സർ പറത്തിയതായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി ഇന്നിംഗ്സിലെ ഏറ്റവും മനോഹര സ്ട്രൈക്ക്. സഞ്ജുവിന്റെ ആക്രമണ ബാറ്റിംഗ് സൗന്ദര്യം വിളിച്ചോതിയ സിക്സായിരുന്നു അത്. 10-ാം ഓവറിന്റെ രണ്ടു മുതൽ ആറുവരെയുള്ള പന്തുകൾ നിലംതൊടാതെ ഗാലറിയിലേക്ക് പറത്തിയായിരുന്നു സഞ്ജു 90ലേക്കെത്തിയത്.
റിക്കാർഡുകൾ കടപുഴകി
രാജ്യാന്തര പുരുഷ ട്വന്റി-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നേട്ടം ഇനി സഞ്ജു സാംസണിനു സ്വന്തം. 2022ൽ ശ്രീലങ്കയ്ക്കെതിരേ ഇഷാൻ കിഷൻ 89 റണ്‍സ് അടിച്ചെടുത്തതായിരുന്നു ഇതുവരെ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറിന്റെ ഉയർന്ന സ്കോർ. 111 റണ്‍സ് അടിച്ചെടുത്ത് സഞ്ജു റിക്കാർഡ് കുറിച്ചു. മാത്രമല്ല, രാജ്യാന്തര ട്വന്റി-20യിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്ററിന്റെ ഏറ്റവും ഉയർന്ന ആറാമത് സ്കോറുമാണിത്. ന്യൂസിലൻഡ് മുൻ താരം ബ്രണ്ടൻ മക്കല്ലത്തിന്റെ 123 ആണ് റിക്കാർഡ്.
ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. 2017ൽ ലങ്കയ്ക്കെതിരേ 35 പന്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമയുടെ പേരിലാണ് റിക്കാർഡ്.
രാജ്യാന്തര പുരുഷ ട്വന്റി-20യിൽ ഓവറിൽ 10+, ഏറ്റവും കൂടുതൽ (18) പിറന്ന മത്സരവുമായിരുന്നു ഹൈദരാബാദിലേത്. രാജ്യാന്തര ട്വന്റി-20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ് (297/6) സഞ്ജുവും സൂര്യകുമാർ യാദവും (35 പന്തിൽ 75) റിയാൻ പരാഗും (13 പന്തിൽ 34) ഹാർദിക് പാണ്ഡ്യയും (18 പന്തിൽ 47) ചേർന്നു പടുത്തുയർത്തിയത്. 232 റണ്‍സ് ബൗണ്ടറികളിലൂടെ പിറന്നു, രാജ്യാന്തര ക്രിക്കറ്റിലെ റിക്കാർഡാണിത്. 47 ബൗണ്ടറികളാണ്, 25 ഫോറും 22 സിക്സ്) ഇന്ത്യ പായിച്ചത്, പുരുഷ ട്വന്റി-20യിൽ ഇതും റിക്കാർഡ്.
മത്സരത്തിൽ 133 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. സ്കോർ: ഇന്ത്യ 20 ഓവറിൽ 297/6. ബംഗ്ലാദേശ് 20 ഓവറിൽ 164/7. സഞ്ജു പ്ലെയർ ഓഫ് ദ മാച്ചും ഹാർദിക് പാണ്ഡ്യ പരന്പരയുടെ താരവുമായി.