ചരിത്രം കുറിച്ച് ശ്രേയസ്
Tuesday, May 20, 2025 2:18 AM IST
പഞ്ചാബ്: ഡൽഹി ക്യാപിറ്റൽസിനെ പത്ത് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് 2025 സീസണിൽ പ്ലേ ഓഫ് യോഗ്യത നേടിയപ്പോൾ ഒപ്പം കൂടിയത് രണ്ടു ടീമുകളാണ്. പഞ്ചാബും ബംഗളൂരുവും.
നീണ്ട 11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പഞ്ചാബ് കിംഗ്സ് ഇലവൻ ഐപിഎൽ പ്ലേ ഓഫ് യോഗ്യത നേടിയപ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഒരു ചരിത്രം കൂടി കുറിച്ചു. ഐപിഎല്ലിന്റെ ചരിത്രത്തിൽ മൂന്നു വ്യത്യസ്ത ടീമുകളെ പ്ലേ ഓഫിലെത്തിച്ച ആദ്യ ക്യാപ്റ്റനെന്ന റിക്കാർഡ് ശ്രേയസ് അയ്യർ സ്വന്തം പേരിൽ കുറിച്ചു.
2014ലാണ് പഞ്ചാബ് ഇതിന് മുൻപ് ഐപിഎല്ലിലെ ആദ്യ നാലിൽ ഇടംപിടിച്ചത്. അതേസമയം, ഡൽഹി ക്യാപിറ്റൽസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾക്ക് പിന്നാലെയാണ് ഇപ്പോൾ പഞ്ചാബിനെയും ശ്രേയസ് അയ്യരെന്ന നായകൻ പ്ലേ ഓഫിലേക്ക് നയിച്ചത്.
2020ലാണ് ശ്രേയസ് ഡൽഹി ക്യാപിറ്റൽസിനെ പ്ലേ ഓഫിലേക്ക് നയിച്ചത്. ഡൽഹിയുടെ ചരിത്രത്തിൽ തന്നെ ഒരേയൊരു തവണ ഫൈനൽ കളിച്ചതും 2020ൽ ശ്രേയസിന് കീഴിലാണ്. പക്ഷെ കലാശപ്പോരിൽ മുംബൈ ഇന്ത്യൻസിനോട് അഞ്ച് വിക്കറ്റിന് ഡൽഹി് അടിയറവ് പറഞ്ഞു.
2022ലെ മെഗാ ലേലത്തിലാണ് ഡൽഹി ക്യാപിറ്റൽസ് വിട്ട് ശ്രേയസ് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ചേരുന്നത്. 2023 സീസണിൽ ശ്രേയസ് കോൽക്കത്തയുടെ ക്യാപ്റ്റൻസി ഏറ്റെടുത്തെങ്കിലും പരിക്കിനെത്തുടർന്ന് സീസണ് നഷ്ടമായി. 2024ൽ മടങ്ങിയെത്തിയ ശ്രേയസ് കോൽക്കത്തയെ ഐപിഎൽ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു.