പെർത്തിൽ ഓസീസിന്‍റെ റണ്‍ മഴ
Saturday, December 16, 2017 5:56 AM IST
പെർത്ത്: ഡബിൾ സെഞ്ചുറി നേടിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്‍റെ സെഞ്ചുറി നേടിയ മിച്ചൽ മാർഷിന്‍റെയും കരുത്തിൽ ആഷസിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്.

മൂന്നാം ദിനം കളിനിർത്തുന്പോൾ ഓസീസ് 549/4 എന്ന ശക്തമായ നിലയിലാണ്. സ്മിത്ത് 229 റണ്‍സോടെയും മിച്ചൽ മാർഷ് 181 റണ്‍സോടെയും ക്രീസിലുണ്ട്. ആറ് വിക്കറ്റ് ശേഷിക്കേ ഓസീസിന് 146 റണ്‍സിന്‍റെ ലീഡായിക്കഴിഞ്ഞു.

28 റണ്‍സ് നേടിയ ഷോണ്‍ മാർഷിന്‍റെ വിക്കറ്റ് മാത്രമാണ് ഇന്ന് ഓസീസിന് നഷ്ടമായത്. സ്കോർ 248-ൽ ഷോണ്‍ പുറത്തായപ്പോൾ സ്മിത്തിന് കൂട്ടായി എത്തിയ അനുജൻ മിച്ചൽ അതിവേഗത്തിലാണ് സ്കോർ ചെയ്തത്.

234 പന്തുകൾ നേരിട്ട മിച്ചൽ 29 ബൗണ്ടറികളുടെ സഹായത്തോടെയാണ് 181-ൽ എത്തിയത്. സ്മിത്ത് 28 ഫോറും ഒരു സിക്സും നേടി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ ഇതുവരെ 301 റണ്‍സ് കൂട്ടിച്ചേർത്തിട്ടുണ്ട്. മൂന്നാം ദിനം മാത്രം ഒരു വിക്കറ്റ് നഷ്ടത്തിൽ 346 റണ്‍സാണ് ഓസീസ് സ്കോർ ചെയ്തത്.

നേരത്തെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 403 റണ്‍സിൽ അവസാനിച്ചിരുന്നു. പരന്പരയിലെ ആദ്യ രണ്ടു മത്സരവും ജയിച്ച് ഓസീസ് 2-0ന് മുന്നിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...