കോടിയേരിയുടെ മകനെതിരെ ദുബായില്‍ 13 കോടിയുടെ തട്ടിപ്പുകേസ്
Wednesday, January 24, 2018 11:12 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ 13കോടിയുടെ തട്ടിപ്പുകേസ്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ പിടികൂടാന്‍ യുഎഇ സര്‍ക്കാര്‍ ഇന്‍റർപോളിന്‍റെ സഹായം തേടുമെന്നാണ് വിവരം. ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇതിനുള്ള നിര്‍ദേശം നല്‍കിയെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഉണ്ട്.

കമ്പനി അധികൃതർ വിഷയം സിപിഎം പോളിറ്റ ബ്യൂറോയെ അറിയിച്ചുവെന്നും പണം നൽകാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയെന്നുമാണ് സൂചന. പാർട്ടിയിലെ ഉന്നത നേതാക്കളും ഇത് ശരിവച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് നരത്തെ ചർച്ചകൾ നടന്നെന്നും ആ ചര്‍ച്ചകളില്‍ പണം തിരിച്ചു നൽകുമെന്ന് ബിനോയ് ഉറപ്പു നൽകിയെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ലെന്നുമാണ് വിവരങ്ങൾ.ദുബായ് കമ്പനിയുടെ അക്കൗണ്ടിൽനിന്നു പണം ലഭ്യമാക്കാൻ ഇടനിലനിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്‍റെ പിതാവും കോടിയേരിയെ നേരിൽ കണ്ട് പ്രശ്നത്തിന്‍റെ ഗൗരവം ധരിപ്പിച്ചിരുന്നുവെന്നും എത്രയും വേഗം ഇത് പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നുവെന്നും സൂചനകളുണ്ട്.

ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം(53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ വ്യവസായ ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) ബിനോയ്ക്ക് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ വിശദീകരണം. വ്യവസായ ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽ‍കുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്കെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.