ഗീവർഗീസ് മാർ ദിവന്നാസിയോസ് കാലം ചെയ്തു
Tuesday, January 16, 2018 4:20 PM IST
തിരുവല്ല: മലങ്കര കത്തോലിക്കാസഭ ബത്തേരി, പുത്തൂർ രൂപതകളുടെ മുൻ അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ ദിവന്നാസിയോസ് (67) കാലം ചെയ്തു. ഉച്ചകഴിഞ്ഞ് 2.45ന് തിരുവല്ലയിലെ പുഷ്പഗിരി ആശുപത്രിയിലായിരുന്നു അന്ത്യം.

ആരോഗ്യപരമായ കാരണങ്ങളാൽ രൂപതാധ്യക്ഷ സ്ഥാനം ഒരു വർഷം മുന്പ് ഒഴിഞ്ഞ മാർ ദിവന്നാസിയോസ് ഏറെക്കാലമായി തിരുവല്ല പള്ളിമലയിൽ വിശ്രമജീവിതത്തിലായിരുന്നു. കബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് തിരുവല്ല സെന്‍റ് ജോണ്‍സ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നടക്കും.

ഭൗതികശരീരം ഇന്ന് വൈകുന്നേരം തിരുവല്ല സെന്‍റ് ജോണ്‍സ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ എത്തിക്കും. ഇവിടെ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും.

1950 നവംബർ ഒന്നിനു തലവടി ഒറ്റത്തെങ്ങിൽ എൻ.എസ്. വർഗീസിന്‍റെയും മറിയാമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. 1956 കുടുംബം കർണാടകയിലെ സൗത്ത് കാനറയിലേക്ക് കുടിയേറി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവല്ല ഇൻഫന്‍റ് മേരി മൈനർ സെമിനാരിയിൽ വൈദികപഠനത്തിന് ചേർന്നു. 1978 ഏപ്രിൽ 20ന് വൈദിക പട്ടം ലഭിച്ചു.

നിലന്പൂർ ഇടവകയുടെ സഹവികാരിയായിട്ടായിരുന്നു ആദ്യ നിയമനം. 1980ൽ റോമിലേക്ക് ഉപരിപഠനത്തിനു പോയി. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി 1987ൽ തിരിച്ചെത്തി ബത്തേരി രൂപതയിൽ സേവനം തുടർന്നു. 1990-ൽ മേജർ സെമിനാരി റെക്ടറായി. സിറിൽ ബസേലിയോസ് കാതോലിക്കാ ബാവയുടെ ദേഹവിയോഗത്തേ തുടർന്ന് മലങ്കരസഭയുടെ അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ സഭയുടെ തലവനും പിതാവുമായി തെരഞ്ഞെടുത്ത് ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടന്ന സുന്നഹദോസിലാണ്.

1996 ഡിസംബർ 18ന് ബത്തേരി രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി നിയമിതനായി. 2010 ജനുവരി 25ന് പുത്തൂർ രൂപയുടെ പ്രഥമ ബിഷപ്പായി. ആരോഗ്യ കാരണങ്ങളാൽ 2017 ജനുവരി 24ന് രൂപതാധ്യക്ഷ സ്ഥാനം ഒഴിഞ്ഞു വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.