ന്യൂസിലൻഡിൽ വിൻഡീസിന് സന്പൂർണ പരാജയം
Wednesday, January 3, 2018 2:49 PM IST
മൗണ്ട് മോംഗനുയി: ന്യൂസിലൻഡ് പര്യടനത്തിൽ വെസ്റ്റ് ഇൻഡീസിന് സന്പൂർണ പരാജയം. ടെസ്റ്റ്, ഏകദിന മത്സരങ്ങൾക്ക് പിന്നാലെ ട്വന്‍റി-20യിലും ജയം കിവീസിന് ഒപ്പം നിന്നു. പരന്പരയിലെ അവസാന മത്സരത്തിൽ 119 റണ്‍സിന്‍റെ ദയനീയ തോൽവിയാണ് സന്ദർശകർ ഏറ്റുവാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരന്പര കിവീസ് 2-0ന് നേടി. പരന്പരയിലെ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസിന് കോളിൻ മണ്‍റോ അക്ഷരാർഥത്തിൽ പുതുവർഷ വെടിക്കെട്ട് സമ്മാനിക്കുകയായിരുന്നു. 53 പന്തിൽ 103 റണ്‍സ് നേടിയ മണ്‍റോയുടെ മികവിൽ കിവീസ് 20 ഓവറിൽ അഞ്ച് വിക്കറ്റിന് 243 റണ്‍സ് അടിച്ചുകൂട്ടി. 10 സിക്സും മൂന്ന് ഫോറും അടങ്ങിയതായിരുന്നു മണ്‍റോയുടെ മൂന്നാം ട്വന്‍റി-20 സെഞ്ചുറി. അന്താരാഷ്ട്ര തലത്തിൽ മൂന്ന് ട്വന്‍റി-20 സെഞ്ചുറി നേടിയ ആദ്യ താരമായി മണ്‍റോ മാറി.

മണ്‍റോ-മാർട്ടിൻ ഗുപ്റ്റിൽ സഖ്യം ഒന്നാം വിക്കറ്റിൽ 136 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഗുപ്റ്റിൽ 63 റണ്‍സ് നേടി. ടോം ബ്രൂസ് (23), കെയ്ൻ വില്യംസണ്‍ (19) എന്നിവരും തിളങ്ങി. വിൻഡീസിന് വേണ്ടി കാർലോസ് ബ്രാത്‌വൈറ്റ് രണ്ടു വിക്കറ്റ് നേടി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ ക്രിസ് ഗെയ്ൽ, ചാഡ്‌വിക് വാൾട്ടണ്‍ എന്നിവരെ ടിം സൗത്തി സ്കോർ ബോർഡ് തുറക്കും മുൻപ് മടക്കി. 46 റണ്‍സ് നേടിയ ആന്ദ്രേ ഫ്ലെച്ചറാണ് വിൻഡീസിന്‍റെ ടോപ്പ് സ്കോറർ. കിവീസിന് വേണ്ടി സൗത്തി മൂന്ന് വിക്കറ്റ് നേടി. സെഞ്ചുറി നേടിയ മണ്‍റോയാണ് മത്സരത്തിലെയും പരന്പരയുടെയും താരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.