ഓസീസിന് ത്രിരാഷ്‌ട്ര ട്വന്‍റി-20 കിരീടം
Wednesday, February 21, 2018 3:49 PM IST
ഓക്‌ലൻഡ്: ത്രിരാഷ്‌ട്ര ട്വന്‍റി-20 കിരീടം ഓസ്ട്രേലിയ നേടി. ഫൈനലിൽ ന്യൂസിലൻഡിനെ ഡക്ക്‌വ ർത്ത്-ലൂയിസ് നിയമപ്രകാരം 19 റണ്‍സിന് തോൽപ്പിച്ചാണ് ഓസീസ് കിരീടം നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റിന് 150 റണ്‍സ് നേടി. ഓസീസ് കിരീടത്തിലേക്ക് അടുക്കുന്നതിനിടെ ഓക്‌ലൻഡിൽ മഴയെത്തി. തുടർന്ന് ഓസീസിനെ ഡക്ക്‌വർത്ത്-ലൂയിസ് നിയമപ്രകാരം 19 റണ്‍സ് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

മികച്ച തുടക്കം ലഭിച്ച കിവീസിന്‍റെ മധ്യനിര തകർന്നതാണ് തിരിച്ചടിയായത്. ഓപ്പണർമാരായ മാർട്ടിൻ ഗുപ്റ്റിലും കോളിൻ മണ്‍റോയും ചേർന്ന് 48 റണ്‍സ് കൂട്ടിച്ചേർത്തെങ്കിലും മധ്യനിര അവസരത്തിനൊത്ത് ഉയർന്നില്ല. മണ്‍റോ 29 റണ്‍സിനും ഗുപ്റ്റിൽ 21 റണ്‍സിനും പുറത്തായി. പിന്നാലെ വിക്കറ്റുകൾ കൊഴിഞ്ഞതോടെ കിവീസ് സ്കോറിംഗ് മന്ദഗതിയിലായി. വാലറ്റത്തെ കൂട്ടുപിടിച്ച് റോസ് ടെയ്‌ലർ (പുറത്താകാതെ 43) നടത്തിയ പോരാട്ടമാണ് 150 റണ്‍സിൽ കിവീസിനെ എത്തിച്ചത്.

മറുപടി ബാറ്റിംഗിൽ ഓപ്പണർ ഡാർസി ഷോർട്ട് അടിച്ചു തകർത്തതോടെ ഓസീസ് സ്കോർ കുതിച്ചുകയറി. ഷോർട്ട് 30 പന്തിൽ 50 റണ്‍സ് നേടി. ഡേവിഡ് വാർണർ (25)- ഷോർട്ട് സഖ്യം 72 റണ്‍സ് നേടി. ഗ്ലെൻ മാക്സ്‌വെൽ (20), ആരോണ്‍ ഫിഞ്ച് (18) എന്നിവർ പുറത്താകാതെ നിന്നു.

മൂന്ന് വിക്കറ്റ് നേടി കിവീസിനെ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയ സ്പിന്നർ ആഷ്ടണ്‍ ആഗറാണ് ഫൈനലിലെ താരം. ഗ്ലെൻ മാക്സ്‌വെൽ ടൂർണമെന്‍റിന്‍റെ താരമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.