ബിജെപി നേതാക്കള്‍ക്കുള്ള പ്രധാനമന്ത്രിയുടെ വിരുന്ന് മാറ്റി
Saturday, November 17, 2012 7:45 AM IST
ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിശ്ചയിച്ചിരുന്ന അത്താഴവിരുന്ന് മാറ്റിവെച്ചു. ശിവസേന അധ്യക്ഷന്‍ ബാല്‍ താക്കറെയുടെ നിര്യാണത്തെ തുടര്‍ന്നാണ് വിരുന്ന് മാറ്റിവെച്ചത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കള്‍ക്കായി വിരുന്ന് നിശ്ചയിച്ചിരുന്നത്. ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജെയിറ്റ്ലി എന്നിവരെയാണ് ഇന്നു നടക്കുന്ന വിരുന്നിലേക്കു ക്ഷണിച്ചിരുന്നത്.

യുപിഎയിലെ കക്ഷികളായ ഡിഎംകെ, എന്‍സിപി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് പ്രധാനമന്ത്രി വെള്ളിയാഴ്ച വിരുന്ന് ഒരുക്കിയിരുന്നു.