ജർമൻ ചാൻസിലർ ആംഗല മെർക്കലിനെ വധിക്കാൻ ശ്രമം
Thursday, August 25, 2016 10:54 PM IST
പ്രേഗ്: ചെക് റിപ്പബ്ലിക്കിൽ സന്ദർശനത്തിനെത്തിയ ജർമൻ ചാൻസിലർ ആംഗല മെർക്കലിനെ വധിക്കാനുള്ള ശ്രമം ചെക് പോലീസ് പരാജയപ്പെടുത്തി. തലസ്‌ഥാന നഗരമായ പ്രേഗിൽ മെർക്കലിന്റെ വാഹനവ്യൂഹം കടന്നുപോകവെ കറുത്ത മെഴ്സിഡസ് കാറിൽ എത്തിയ ആയുധ ധാരിയായ ഒരാൾ വാഹനവ്യൂഹത്തിന്റെ ഇടയിൽകയറാൻ ശ്രമിച്ചു. എന്നാൽ, ചെക് പോലീസിന്റെ അവസരോചിത ഇടപെടലിലൂടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് പ്രേഗ് ഡിറ്റക്ടീവ് സംഘം അന്വേഷണം ആരംഭിച്ചു. ചെക് പ്രധാനമന്ത്രി ബൊഹുസ്ലാവ് സൊബൊത്കയുമായി കൂടിക്കാഴ്ച നടത്താനാണ് മെർക്കൽ എത്തിയത്. പ്രേഗ് വിമാനത്താവളത്തിൽനിന്ന് നഗരത്തിലേക്കു പോകുംവഴിയാണ് മെർക്കലിന്റെ വാഹനവ്യൂഹത്തിനിടയിൽ കടന്നു കയറാൻ ആയുധധാരി വിഫല ശ്രമം നടത്തിയത്.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ അതീവ ജാഗ്രതയിലിരിക്കുമ്പോഴാണ് മെർക്കലിന്റെ സുരക്ഷയിൽ ഗുരുതര വീഴ്ച സംഭവിച്ചത്. ഫ്രാൻസ്, ജർമനി, ബെൽജിയം എന്നിവിടങ്ങളിലായി ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരർ നടത്തിയ വിവിധ ആക്രമണങ്ങളിൽ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...