മെസി വിരമിക്കൽ നാടകം കളിച്ചതായി മാറഡോണ
Thursday, August 25, 2016 11:22 PM IST
ലണ്ടൻ: ലയണൽ മെസി വിരമിക്കൽ നാടകം കളിക്കുകയായിരുന്നു എന്ന് അർജന്റൈൻ മുൻ നായകൻ ഡിയേഗോ മാറഡോണയുടെ കടുത്ത വിമർശനം. ഫൈനലുകളിലെ തുടർച്ചയായ പരാജയം മറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മെസി 2016 ശതാബ്ധി കോപ്പ അമേരിക്ക ഫൈനലിന്റെ പിന്നാലെ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചതെന്നും മാറഡോണ ആക്ഷേപിച്ചു.

ജൂണിൽ ശതാബ്ധി കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് ലയണൽ മെസി വിരമിക്കൽ പ്രഖ്യാപിച്ചത്. തോൽവി സാധാരണമാണെന്നും മെസി വിരമിക്കേണ്ടെന്നും അന്ന് മാറഡോണയടക്കമുള്ളവർ പറഞ്ഞിരുന്നു. എന്നാൽ, അർജന്റൈൻ പ്രസിഡന്റ് മൗറീഷ്യോ മാക്രിയുടെ ഉൾപ്പെടെയുള്ള ആവശ്യത്തെത്തുടർന്ന് മെസി തന്റെ തീരുമാനം ഉപേക്ഷിച്ച് രാജ്യാന്തര മത്സരത്തിലേക്ക് തിരിച്ചെത്താൻ തീരുമാനിച്ചു.

അഞ്ചു തവണ ബാലൻ ഡി ഓർ പുരസ്കാര ജേതാവായ മെസിയും അർജന്റൈൻ ടീമിന്റെ പുതിയ പരിശീലകൻ എഡ്ഗാർഡോ ബൗസയും തമ്മിലും കൂടിക്കാഴ്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ് മെസി അർജന്റീനയ്ക്കായി കളിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.

2014 ലോകകപ്പ്, 2015 കോപ്പ അമേരിക്ക, 2016 ശതാബ്ധി കോപ്പ അമേരിക്ക ഫൈനലുകളിലാണ് അർജന്റീന തുടർ പരാജയത്തിന്റെ കൈപ്പുനീർ രുചിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...