വിനോദ് കുമാർ വധം: ഭാര്യയ്ക്കും സുഹൃത്തിനും ജീവപര്യന്തം
Thursday, August 25, 2016 11:26 PM IST
മലപ്പുറം: വളാഞ്ചേരി ഇൻഡേൺ ഗ്യാസ് ഏജൻസി ഉടമ വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭാര്യ എറണാകുളം എളങ്കുളം വൃന്ദാവനം കോളനി വെട്ടിച്ചിറ സുശൈലത്തിൽ പന്തനാനിക്കൽ ജസീന്ത എന്ന ജ്യോതി (60), കുടുംബ സുഹൃത്തായ ഇടപ്പള്ളി എളമക്കര മാമംഗലം ക്രോസ് റോഡ് ഫ്ളവർ എൻക്ലൈവ് നമ്പ്രത്ത് മുഹമ്മദ് യൂസഫ് എന്ന സാജിദ് (51) എന്നിവർക്ക് ജീവപര്യന്തം തടവുശിക്ഷ. ഇരുവരും 42,500 രൂപ വീതം പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. മഞ്ചേരി ജില്ലാ സെഷൻസ് കോടതി എം.ആർ.അനിത കേസിൽ ശിക്ഷ വിധിച്ചത്.

കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, കുറ്റകൃത്യത്തിനു വേണ്ടി ഒരുമിക്കൽ എന്നീ കുറ്റങ്ങൾ പ്രതികൾ ചെയ്തെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ പ്രോസിക്യൂഷൻ ഉന്നയിച്ച സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും കോടതി അംഗീകരിച്ചു.

2015 ഒക്ടോബർ എട്ടിന് രാത്രി വിനോദ്കുമാറും ഭാര്യയും വാടകയ്ക്ക് താമസിക്കുന്ന ഇരിമ്പിളിയം ആലിൻചുവട് വീട്ടിലാണ് കൊലനടന്നത്. വിനോദ് കുമാറിനു മറ്റൊരു ഭാര്യയും കുഞ്ഞുമുണ്ടെന്ന വിവരം ലഭിച്ചതിലുള്ള വിദ്വേഷവും തന്റെ മകനു സ്വത്തുക്കൾ നഷ്ടപ്പെടുമോയെന്ന ആശങ്കയുമാണ് ജ്യോതിയെ കൊലപാതകത്തിന്് പ്രേരിപ്പിചിചതെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഇറ്റാലിയൻ പൗരത്വമുള്ള ജ്യോതിയെയും മുഹമ്മദ് യൂസഫിനെയും പ്രതി ചേർത്ത് വളാഞ്ചേരി സിഐയാണ് മഞ്ചേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...