അക്രമികളായ നായ്ക്കളെ കൊല്ലാനുള്ള ഉത്തരവ് ഉരുണ്ടുകളി
Friday, August 26, 2016 1:01 AM IST
തിരുവനന്തപുരം: ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയോ ഇല്ലയോ എന്ന കാര്യത്തിൽ അവ്യക്‌തത. വ്യാഴാഴ്ച ഇറങ്ങുമെന്നാണ് സർക്കാർ അറിയിച്ചത്. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി. ജലീലും ഉത്തരവ് ഉടനിറങ്ങുമെന്ന് ആവർത്തിച്ചിരുന്നു. എന്നാൽ ഇതേക്കറിച്ച് മന്ത്രിയോടു തിരക്കാൻ ഫോൺ വിളിച്ചെങ്കിലും കിട്ടിയില്ല. ഉത്തരവ് ലഭിച്ചോയെന്ന് പിആർഡിയോട് അന്വേഷിച്ചെങ്കിലും ലഭിച്ചില്ലെന്ന മറുപടിയാണ് ലഭിച്ചത്. തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾക്കും ഇതു സംബധിച്ച ഉത്തരവ് ലഭിച്ചില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

ആക്രമണകാരികളായ നായ്ക്കളെ കൊല്ലുക തന്നെ ചെയ്യുമെന്ന് സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഉത്തരവിന്റെ കാര്യത്തിൽ അവ്യക്‌തത തുടരുകയാണ്. സർക്കാർ എത്രയും വേഗം ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്ന ആശയക്കുഴപ്പം പരിഹരിക്കേണ്ടതുണ്ട്. ആക്രമണകാരികളായ നായ്ക്കളെ കൊല്ലാനുളള ഒരു നടപടിയും ഇതുവരെ ഒരിടത്തും ആരംഭിച്ചിട്ടില്ല.

<യ>കുട്ടികളെ ആക്രമിച്ച സംഭവം: പഴുപ്പ് തലച്ചോറിലേക്ക് വ്യാപിക്കാതിരിക്കാൻ മുൻകരുതൽ

മുളങ്കുന്നത്തുകാവ്: പൊയ്യ കൃഷ്ണൻകോട്ടയിൽ തെരുവുനായയുടെ കടിയേറ്റ് മുഖത്തു പരിക്കേറ്റ കുട്ടികളുടെ മുറിവിൽനിന്നുള്ള പഴുപ്പ് തലച്ചോറിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചു. മുഖത്ത് കടിയേറ്റതിനാലും മുറിവുകൾ കണ്ണിനു സമീപത്തായതുകൊണ്ടും പഴുപ്പും മറ്റും തലച്ചോറിലേക്ക് ബാധിക്കാതിരിക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ട്. മുറിവുകൾക്ക് ചെറിയ ഉണക്കം വന്നതിനു ശേഷം മുറിവുകൾ കഴുകി വൃത്തിയാക്കി മരുന്നുകൾ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ മുറിവുകൾ കഴുകി വൃത്തിയാക്കാൻ സാധിച്ചിട്ടില്ല.

വ്യാഴാഴ്ച വൈകുന്നരം നാലോടെ പുത്തൻവേലിക്കരയിൽ നിന്നെത്തിയ തെരുവുനായയാണ് നാലു കുട്ടികളെയും മൂന്നു മധ്യവയസ്കരെയും കടിച്ചു മാരകമായി മുറിവേൽപ്പിച്ചത്. പരിക്കേറ്റവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വിദഗ്ധ ചികിത്സയ്ക്ക് അയച്ചു.

പൊയ്യ തീനിത്തറ കുര്യാപ്പിള്ളി ജെഫിൻ (ആറ്), പൊയ്യ കൈതത്തറ സജിമോന്റെ മകൻ അയൂബ് (അഞ്ച്), പൊയ്യ ചക്കാന്തറ ഗോപിയുടെ മകൻ ആയുഷ് (12), കൃഷ്ണൻകോട്ട ചേരമാൻ തുരുത്തി തോമസ് (57), കൃഷ്ണൻകോട്ട ചേരമാൻ തുരുത്തി ജോസഫിന്റെ മകൾ അന്ന (10), മാള പുത്തൻവേലിക്കര കൈതത്തറ വീട്ടിൽ ജോസഫ് (70), മാള പുത്തൻവേലിക്കര ഒറക്കാടത്ത് വേലായുധന്റെ ഭാര്യ തങ്കമണി (54) എന്നിവർക്കാണു നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആയുഷിന്റെ മുഖത്ത് നിന്ന് തെരുവുനായ മാംസം കടിച്ചെടുത്തിട്ടുണ്ട്. തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു.

<യ>ബേൺ വാർഡ് വിട്ടുകൊടുത്തു

തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നു കുട്ടികൾക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ പ്രത്യേക ക്രമീകരണമൊരുക്കി. പൊളളലേറ്റവരെ ചികിത്സിക്കുന്നതിനുള്ള ബേൺ വാർഡ് ഇപ്പോൾ നായയുടെ കടിയേറ്റെത്തിയ കുട്ടികൾക്കായി ഒഴിഞ്ഞു കൊടുത്തിരിക്കുകയാണ്. പൊയ്യ കൃഷ്ണൻകോട്ടയിൽ നിന്നെത്തിയ മൂന്നുകുട്ടികളേയും ഇവിടെയാണ് പാർപ്പിച്ചിരിക്കുന്നത്. ചികിത്സയ്ക്കുള്ള മരുന്നുകൾ മെഡിക്കൽ കോളജിലുണ്ടെന്നും പുറത്തുനിന്നും വാങ്ങേണ്ട സ്‌ഥിതിയില്ലെന്നും അധികൃതർ പറഞ്ഞു.

<യ>സൗജന്യ ചികിത്സ വേണമെന്ന് ആവശ്യം

നിർധനരായ വിദ്യാർഥികൾക്കാണു പൊയ്യ കൃഷ്ണൻകോട്ടയിൽ തെരുവു നായയുടെ ആക്രമണം ഉണ്ടായത്. ഇവർക്കു സൗജന്യ ചികിത്സ നൽകാൻ സർക്കാർ തയാറാകണമെന്നു പൊയ്യ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ശല്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് ഓഫീസിലേക്കു പ്രതിഷേധസമരവും കോൺഗ്രസ് സംഘടിപ്പിച്ചിട്ടുണ്ട്.

<യ>നായ്ക്കളെ തല്ലിക്കൊല്ലണം

തല്ലിക്കൊന്ന് ചുട്ടുകരിക്കണം, അതാണ് വേണ്ടത്... ജന്തുസ്നേഹം പ്രസംഗിക്കുന്നവർക്കൊന്നും പട്ടിയുടെ കടി കിട്ടിയിട്ടില്ലല്ലോ... തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാർഡിലെ ബേൺ വാർഡിൽ മുഖത്തും ശരീരത്തും തെരുവു നായയുടെ കടിയേറ്റ് കിടക്കുന്ന കുട്ടികളുടെ അടുത്തിരുന്ന് അച്ഛനമ്മമാരുടെ ബന്ധുക്കളും ദേഷ്യത്തോടെ പറഞ്ഞു. തെരുവു നായ്ക്കളെ കൊല്ലരുതെന്ന് പറയുന്നവരോട് ഈ കുട്ടികളുടെ കിടപ്പൊന്ന് വന്നുകാണാൻ ഇവർ പറയുന്നു. കടിച്ചുകീറിക്കൊല്ലാൻ വരുന്ന തെരുവു നായ്ക്കളെ തല്ലിക്കൊല്ലാതെ വേറെന്തു ചെയ്യണമെന്ന് ഇവർ ചോദിക്കുന്നു. മുഖത്ത് നിന്ന് മാംസം കടിച്ചെടുത്ത് ഗുരുതരാവസ്‌ഥയിൽ മെഡിക്കൽ കോളജിലെത്തിച്ച ആയുഷ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

<യ>മുറിവുണങ്ങും, പേടിയകലാൻ സമയമെടുക്കും.

തെരുവു നായ്ക്കളുടെ ആക്രമണത്തിന് വിധേയരാകുന്ന കുട്ടികളുടെ ശരീരത്തിലെ മുറിവുകൾ ചികിത്സ കൊണ്ട് ഉണങ്ങുമെങ്കിലും അവരുടെ മനസിലെ പേടിയകലാനും മനസിലെ മുറിവുകളുണങ്ങാനും സമയമെടുക്കുമെന്ന് ഡോക്ടർമാർ പറയുന്നു. നായ ആക്രമിക്കാനെത്തിയ സമയത്തെ മാനസികാവസ്‌ഥ കുട്ടികളെ വേട്ടയാടുമെന്നാണ് കുട്ടികളുടെ ഡോക്ടർമാർ പറയുന്നത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജാകും മുമ്പ് കുട്ടികൾക്ക് പേടിയും മറ്റും മാറാനും മനസ് ശാന്തമാകാനുമായി കൗൺസലിംഗ് നൽകാനും തീരുമാനമായിട്ടുണ്ട്.

<യ>ഒരു വർഷത്തിനിടെ നാലു മരണം

കഴിഞ്ഞ ഒരു വർഷത്തിനിടെ തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ജില്ലയിൽ നാലാണ്. 2012ൽ ജില്ലയിൽ 71,000 തെരുവു നായ്ക്കളുണ്ടായിരുന്നുവെന്നാണ് കണക്ക്. തൃശൂർ നഗരത്തിൽ മാത്രം നാലായിരത്തിലധികം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്കുകൾ.

തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാനും വന്ധ്യംകരണത്തിനുമായി ആവിഷ്കരിച്ച അനിമൽ ബർത്ത് കൺട്രോൾ, എൻഡ് തുടങ്ങിയ പദ്ധതികൾ വിജയം കാണാതെ പോയതും തൃശൂരിൽ തെരുവുനായ്ക്കളുടെ എണ്ണവും ശല്യവും വർധിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...