മദ്യം നൽകാൻ വിസമ്മതിച്ചു; സിആർപിഎഫ് ജവാൻമാർ ബാർ കൊള്ളയടിച്ചു
Friday, August 26, 2016 7:26 AM IST
ന്യൂഡൽഹി: മദ്യം നൽകാൻ ഉടമ വിസമ്മതിച്ചതിനെ തുടർന്ന് സിആർപിഎഫ് ജവാൻമാർ ബാർ കൊള്ളയടിച്ചു. പശ്ചിമബംഗാളിലെ ഹൗറയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

ഹൗറ റെയിൽവേ സ്റ്റേഷനു സമീപത്തെ ബാറിലെത്തിയ മൂന്നു സിആർപിഎഫ് ജവാൻമാർ മദ്യം കഴിച്ചു. കുറച്ചുസമയത്തിനുശേഷം ഇവർ സമീപമുള്ളവരോട് അപമര്യാദയായി പെരുമാറാൻ ആരംഭിച്ചു. പിന്നീട്, 11 മണിക്കു ശേഷവും ബാറിൽ മദ്യം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇത് സാധ്യമല്ലെന്ന് ബാർ മാനേജൻ അറിയിച്ചപ്പോൾ ജവാൻമാർ കൂടുതൽ സിആർപിഎഫ് ജവാൻമാരെ വിളിച്ചുവരുത്തി ബാർ കൊള്ളയടിക്കുകയായിരുന്നു. ജവാൻമാർ ബാറിലെ കുപ്പികളും കസേരകളും മേശകളും തല്ലിത്തകർത്തു.

തുടർന്ന് ജവാൻമാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഹൗറ പോലീസ് സ്റ്റേഷനിലെത്തി ബഹളംവച്ചു. പോലീസ് ഇവരെ അറസ്റ്റ് ചെയ്തെങ്കിലും ഉടൻതന്നെ വിട്ടയച്ചതായി നാട്ടുകാർ ആരോപിച്ചു. ജാർഖണ്ഡിൽനിന്ന് എത്തിയവരാണ് ജവാൻമാരെന്നാണു സൂചന. ജോലിയിലായിരുന്നതിലാണ് ഇവരെ വിട്ടയച്ചതെന്നും ഇത് സംബന്ധിച്ച് സിആർപിഎഫ്് നേതൃത്വത്തിന് റിപ്പോർട്ട് നൽകിയതായും പോലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നും സിആർപിഎഫ് വക്‌താവ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...