സർക്കാർ ഓഫീസുകളിൽ ഓണാഘോഷം വേണ്ട: മുഖ്യമന്ത്രി
Friday, August 26, 2016 8:14 AM IST
തിരുവനന്തപുരം: സർക്കാർ ഓഫീസ് സമയങ്ങളിലെ ആഘോഷങ്ങൾ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണാഘോഷം എല്ലാ സർക്കാർ ഓഫീസുകളിലും നടക്കാറുണ്്ട്. അത്തരം ആഘോഷങ്ങളും പൂക്കളമത്സരം പോലുള്ളവയും ഓഫീസ് സമയത്തു നടത്തുന്നത് ഉചിതമല്ല. അവധി ദിവസങ്ങളിലോ ഓഫീസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാൽ പ്രവൃത്തി സമയത്തെ ബാധിക്കില്ല.
ഓണം എന്നല്ല, ഏതു ആഘോഷവും ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാത്ത നിലയിലാണ് സർക്കാർ ഓഫീസുകളിൽ നടക്കേണ്്ടത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉത്സവകാലങ്ങളിൽ സർക്കാർ ഓഫീസുകളിൽ കച്ചവടക്കാർ എത്തുന്നത് പതിവാണ്. ജോലി സമയത്തിന്റെ നല്ലൊരുഭാഗം അപഹരിക്കുന്നതാണ് ഈ കച്ചവടം. അത് കർക്കശമായി നിയന്ത്രിക്കും. ജോലി സമയത്ത് എല്ലാ ജീവനക്കാരും സീറ്റിൽ ഉണ്്ടാവുക പ്രധാനമാണെന്നും ഇക്കാര്യത്തിൽ നടപടി കർശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തപ്പോൾ കൃത്യനിഷ്ഠയെക്കുറിച്ചും ഓരോ ഫയലിന്റെയും പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചിരുന്നതാണെന്നും പിണറായി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ഓണം–ബക്രീദ് മെട്രോ ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...