ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി
Saturday, May 27, 2023 8:36 PM IST
ന്യൂഡൽഹി: തമിഴ്നാട്ടിലെ ചോളരാജവംശത്തിന്റെ കാലത്ത് അധികാരകൈമാറ്റം അടയാളപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ചെങ്കോൽ പ്രധാമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി. പ്രധാമന്ത്രിയുടെ വസതിയിൽനടന്ന ചടങ്ങിലാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനായുള്ള ചെങ്കോൽ കൈമാറിയത്. തമിഴ്നാട്ടിലെ പൂജാരിമാരുടെ സംഘമാണ് ചെങ്കോൽ മോദിക്ക് നൽകിയത്.
തമിഴ്നാട്ടിലെ ആഭരണശാലയില്‍ നിര്‍മിച്ച് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന് തിരുവാടുതുറൈ അധീനത്തിന്റെ പ്രതിനിധി കൈമാറിയ ചെങ്കോലാണ് ഇത്. ഭരണമേല്‍ക്കുന്ന രാജാവിന് അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി രാജഗുരു ചെങ്കോല്‍ സമ്മാനിക്കുന്ന ചോളരാജപാരമ്പര്യമായിരുന്നു ഈ ചടങ്ങിനു മാതൃക.
ചെങ്കോൽ പാർലമെന്റിൽ സ്ഥാപിക്കുന്നതിനെ ചൊല്ലി വലിയ തർക്കങ്ങളാണ് ഉണ്ടായിരിക്കുന്നത്. ചെങ്കോലിനെക്കുറിച്ചുള്ള മോദിസർക്കാരിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
രാജ്യത്തിന്റെ പാരന്പര്യവുമായി ബന്ധപ്പെട്ടതാണു ചെങ്കോലെന്നും ചോള രാജവംശത്തിന്റെ കാലം മുതൽ ഇതിനു വലിയ പ്രാധാന്യമുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്നത് തമിഴ്നാട്ടിലെ ജനങ്ങൾക്ക് അഭിമാനത്തിന്റെ മുഹൂർത്തമാണെന്നും ചെന്നൈയിൽ നടത്തിയ പത്രസമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കിയിരുന്നു.