നോവായി മിഥുന്; മൃതദേഹം സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു
Saturday, July 19, 2025 11:42 AM IST
കൊല്ലം: തേവലക്കര സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി സ്കൂളിൽ എത്തിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിലാണ് സംസ്കാരം.
സ്കൂളിലേക്ക് വിലാപയാത്രയായാണ് മൃതദേഹം എത്തിച്ചത്. വഴിനീളെ മിഥുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് കാത്തുനിന്നത്. മന്ത്രി ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ റോഡരികില്‍ കാത്തുനിന്നാണ് അന്തിമോപചാരം അര്‍പ്പിച്ചത്.
മിഥുനെ അവസാനമായി ഒരു നോക്ക് കാണാന്‍ സഹപാഠികളും അധ്യാപകരും നേരത്തേ തന്നെ സ്കൂളിലെത്തിയിരുന്നു. അതേസമയം മിഥുന്റെ അമ്മ സുജ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയിരുന്നു. പോലീസ് അകമ്പടിയോടെ ഇവർ കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്.