ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കും: മന്ത്രി വി.എൻ. വാസവൻ
Thursday, September 18, 2025 8:33 PM IST
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് ദേവസ്വംമന്ത്രി വി.എൻ. വാസവൻ. ശനിയാഴ്ച പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ അവസാനഘട്ട അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. തീർഥാടകരുടെ ആവശ്യം പരിഗണിച്ചാണ് അയ്യപ്പ സംഗമത്തിലേക്ക് സർക്കാരും ദേവസ്വം ബോർഡും എത്തിയത്. ശബരിമലയ്ക്കുള്ള വികസന കാഴ്ചപ്പാടും ഭാവിയിലെ മാറ്റങ്ങളും പങ്കുവയ്ക്കുകയാണ് ലക്ഷ്യം.
ആദ്യം രജിസ്റ്റർ ചെയ്ത 3,000 പേർക്കാണ് പ്രവേശനം. തിങ്കളാഴ്ച വരെ 4,864 പേർ രജിസ്റ്റർ ചെയ്തു. മത, സാമുദായിക, സാംസ്കാരിക രംഗത്തുള്ള 500 പേർക്കും പ്രവേശനമുണ്ടാകും.
മൂന്ന് വേദികളിലായി ഒരേ സമയം വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തും. ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ ടൂറിസം സർക്യൂട്ടുകൾ, ശബരിമലയിലെ തിരക്ക് ക്രമീകരണവും മുന്നൊരുക്കങ്ങളും ഇവയാണ് വിഷയം.
പമ്പാ തീരത്തെ പ്രധാന വേദിയിലാണ് മാസ്റ്റർ പ്ലാനിനെ കുറിച്ചുള്ള ചർച്ച. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ഭക്തർക്കുള്ള ക്ഷേമ പ്രവർത്തനം തുടങ്ങിയവ ചർച്ച ചെയ്യും. മൂന്ന് ഘട്ടങ്ങളാണ് മാസ്റ്റർ പ്ലാനിലുള്ളത്.
ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 1,000 കോടി രൂപയുടെ വികസനം ലക്ഷ്യമിടുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിൽ 146 കോടി രൂപയുടെ വികസനം നടക്കുന്നു.
ആത്മീയ ടൂറിസം സർക്യൂട്ടാണ് രണ്ടാമത്തെ വിഷയം. ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ശബരിലയുടെ തിരക്ക് നിയന്ത്രണവും സജീകരണവുമാണ് മൂന്നാമത്തെ വിഷയം. ഭക്തർക്ക് സുഗമമായ രീതിയിൽ ദർശനം ഉറപ്പാക്കും.
ആഗോള അയ്യപ്പ സംഗമത്തിലൂടെ ഭക്തരുടെ അഭിപ്രായം ശേഖരിക്കും. ഇതിനായി ചോദ്യാവലി പ്രതിനിധികൾക്ക് നൽകും. തീർഥാടകരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണും. സെഷനുകളിലൂടെ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിക്കാൻ കമ്മിറ്റിയെ നിയമിക്കും.
കമ്മിറ്റി നൽകുന്ന നിർദേശങ്ങളിൽ ഊന്നിയാകും തുടർ വികസനം. ശബരിമല വിമാനത്താവളം, റെയിൽവേ അടക്കം വൈകാതെ പൂർത്തിയാകും. ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ക്ഷേത്രത്തിന്റെ പ്രശസ്തി ഉയർത്തുകയാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.