"ഇന്ത്യ ഭീകരവാദത്തിന്‍റെ മാതാവ്': യുഎന്നിൽ പാക്കിസ്ഥാന്‍റെ പ്രത്യാക്രമണം
Sunday, September 24, 2017 12:18 AM IST
യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെ കടന്നാക്രമിച്ച ഇന്ത്യൻ നിലപാടിനെ രൂക്ഷമായി വിമർശിച്ച് പാക്കിസ്ഥാൻ രംഗത്ത്. ദക്ഷിണേഷ്യയിലെ ഭീകരവാദത്തിന്‍റെ മാതാവാണ് ഇന്ത്യ. വേട്ടക്കാരന്‍റെ മനോഭാവമാണ് ഇന്ത്യക്കുള്ളതെന്നും യുഎന്നിലെ പാക് പ്രതിനിധി മലീഹ ലോധി പറഞ്ഞു. പാക്കിസ്ഥാൻ ഭീകരരെ കയറ്റി അയക്കുന്ന രാജ്യമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎന്നിൽ കുറ്റപ്പെടുത്തിയതിനു മറുപടിയായാണ് മലീഹയുടെ വിമർശനം.

കാഷ്മീരിലെ ഇന്ത്യയയുടെ അതിക്രമങ്ങൾ യുഎൻ അന്വേഷിക്കണം. കാഷ്മീർ ഒരിക്കലും ഇന്ത്യയുടെ ഭാഗമല്ല. കാഷ്മീരിലെ യഥാർഥ പ്രശ്നങ്ങൾ ഇന്ത്യ മറച്ചുവയ്ക്കുകയാണ്. ലോകത്തെ പേരുകേട്ട ജനാധിപത്യ രാജ്യമെന്നാണ് ഇന്ത്യ അറിയപ്പെടുന്നതെങ്കിലും ലോകത്തിലെ ഏറ്റവും വലിയ കപടനാട്യക്കാരാണ് അവരെന്നും മലീഹ പറഞ്ഞു. ഇന്ത്യൻ നേതാക്കളുടെ കൈകളിൽ മുസ്‌ലീങ്ങളുടെ രക്തക്കറയുണ്ട്. മഹാത്മാഗാന്ധിയുടെ ഘാതകരാണ് ഇപ്പോൾ ഇന്ത്യയുടെ തലപ്പത്തെന്നും മലീഹ കുറ്റപ്പെടുത്തി.

ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിക്കുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും മലീഹ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് സുഷമ സ്വരാജ് പാക്കിസ്ഥാൻ ഭീകരരെ കയറ്റി അയക്കുന്ന രാജ്യമാണെന്ന് പറഞ്ഞത്. ഇന്ത്യ ഗവേഷകരെയും ഡോക്ടർമാരെയും എൻജിനിയർമാരെയും സൃഷ്ടിക്കുന്പോൾ പാക്കിസ്ഥാൻ ജിഹാദികളെ സൃഷ്ടിച്ചു. ഡോക്ടർമാർ ആളുകളെ മരണത്തിൽനിന്നു രക്ഷിക്കുന്നു. ഭീകരർ ആളുകളെ മരണത്തിലേക്ക് വിടുന്നുവെന്നും സുഷമ വിമർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.