ഡോക ലായിൽ ചൈനീസ് സൈന്യത്തെ അഭിവാദ്യം ചെയ്ത് നിർമല സീതാരാമൻ
Saturday, October 7, 2017 11:42 PM IST
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഇന്ത്യ-ചൈന അതിർത്തിയായ ഡോക ലായിൽ സന്ദർശനം നടത്തി. കരസേനാ ഉദ്യോഗസ്ഥരോടും ഇന്തോ-ടിബറ്റൻ പോലീസ് സേനയോടുമൊപ്പമാണ് അവർ ഡോക ലായിലെത്തിയത്. സന്ദർശനത്തിനിടെ, അതിർത്തിയിൽ കാവൽ നിൽക്കുന്ന ചൈനീസ് സൈന്യത്തെ പ്രതിരോധമന്ത്രി അഭിവാദ്യം ചെയ്യുകയും ചെയ്തു. ചൈനീസ് സൈനിക ഉദ്യോഗസ്ഥർ മന്ത്രിയുടെ ഫോട്ടോ പകർത്തിയപ്പോഴാണ് അവർ സൈന്യത്തെ കൈവീശിക്കാണിച്ചത്. മന്ത്രി തന്നെയാണ് താൻ ചൈനീസ് സൈന്യത്തെ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.ഇന്ത്യ-ചൈന അതിർത്തിയിൽ സ്വീകരിച്ചിരിക്കുന്ന സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പ്രതിരോധമന്ത്രിയോട് വിശദീകരിച്ചു. മേഖലയിലലെ സുരക്ഷ വിലയിരുത്തുന്നതിന് മന്ത്രി വ്യോമയാത്ര നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയേത്തുടർന്ന് അത് വേണ്ടെന്നു വച്ചതായി സൈനികവൃത്തങ്ങൾ അറിയിച്ചു.

സൈന്യത്തിന്‍റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച മന്ത്രി അവർക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു. ഡോക ലായിൽ ചൈനീസ് സൈന്യം വീണ്ടും റോഡ് നിർമാണം ആരംഭിച്ചെന്ന വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നിർമല സീതാരാമൻ ഇവിടെ സന്ദർശനം നടത്തിയത്. അതേസമയം, ചൈനീസ് സൈന്യം വീണ്ടും റോഡ് നിർമാണം തുടങ്ങിയെന്നും അതിർത്തിയിൽ ആയിരത്തോളം ചൈനീസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്നുമുള്ള വാർത്തകൾ വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.