താജ്മഹൽ മാത്രമല്ല, ചെങ്കോട്ടയും നിർമിച്ചത് "രാജ്യദ്രോഹി'യെന്ന് അസദുദ്ദീൻ ഒവൈസി
Monday, October 16, 2017 4:33 AM IST
ന്യൂഡൽഹി: താജ്മഹൽ നിർമിച്ച മുഗൾ ചക്രവർത്തി ഷാജഹാനെതിരേ ബിജെപി എംഎൽഎ സംഗീത് സോം നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി എഐഎംഐഎം പ്രസിഡന്‍റ് അസദുദ്ദീൻ ഒവൈസി രംഗത്ത്.

താജ്മഹൽ മാത്രമല്ല, ഡൽഹിയിലെ ചെങ്കോട്ടയും നിർമിച്ചത് "രാജ്യദ്രോഹി'യാണെന്നും പ്രധാനമന്ത്രി അവിടെ പോയി പ്രസംഗിക്കുന്നത് നിർത്തുമോ എന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിലെ ഹൈദരാബാദ് ഹൗസും നിർമിച്ചത് സംഗീത് സോം പറഞ്ഞ രാജ്യദ്രോഹികളാണ്. വിദേശത്തു നിന്നും വരുന്ന അതിഥികൾക്ക് ഹൈദരാബാദ് ഹൗസിൽ വിരുന്ന് നൽകുന്നത് നിർത്താൻ പ്രധാനമന്ത്രി തയാറാകുമോ എന്നും ഒവൈസി ചോദിച്ചു.

ഒവൈസിക്ക് പുറമേ സമാജ്‌വാദി പാർട്ടിയും നാഷണൽ കോണ്‍ഫറൻസും ബിജെപി എംഎൽഎയ്ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. വരുന്ന സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ട ഒഴിവാക്കി പ്രധാനമന്ത്രി ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് കാണാൻ കാത്തുനിൽക്കുകയാണെന്നാണ് ഒമർ അബ്ദുള്ള പരിഹസിച്ചു. താജ്മഹലിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ലഭിക്കുന്ന വരുമാനം ഇല്ലാതാക്കരുതെന്ന് എസ്പി നേതാവ് ജുഹി സിംഗും പ്രതികരിച്ചു.

ഹിന്ദുക്കളെ ഇല്ലാതാക്കാൻ ശ്രമിച്ച ഷാജഹാൻ ചക്രവർത്തി ചരിത്രത്തിന്‍റെ ഭാഗമാണെങ്കിൽ ആ ചരിത്രം തങ്ങൾ മാറ്റുമെന്നായിരുന്നു ബിജെപി എംഎൽഎ സംഗീത് സോം നടത്തിയ പ്രസ്താവന. ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളുടെ പട്ടികയിൽ നിന്നും താജ്മഹലിനെ ഒഴിവാക്കിയപ്പോൾ ചിലർ വിഷമിച്ചു. എന്ത് ചരിത്രം, ആരുടെ ചരിത്രം. സ്വന്തം പിതാവിനെ ജയിലിലടച്ച ആളാണ് താജ്മഹൽ നിർമിച്ച ഷാജഹാനെന്നും അയാൾ ഹിന്ദുക്കളെ യുപിയിൽ നിന്നും ഇന്ത്യയിൽ നിന്നും തുടച്ചു നീക്കാൻ ശ്രമിച്ചിരുന്നുവെന്നും സംഗീത് സോം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...