കേന്ദ്ര കമ്മിറ്റിയിലെ ഫലം ആരുടെയും വിജയമോ പരാജയമോ അല്ലെന്ന് യെച്ചൂരി
Sunday, January 21, 2018 3:28 PM IST
കോൽക്കത്ത: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട രേഖ സിപിഎം കേന്ദ്ര കമ്മിറ്റി തള്ളിയതിൽ വിജയമോ പരാജയമോ എന്നൊന്നില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ മുഖ്യശത്രുവാക്കാനുള്ള രേഖയാണ് അംഗീകരിച്ചത്. അടവുനയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടി കോൺഗ്രസാണെന്നും കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് ബന്ധം സംബന്ധിച്ച് സിസിയിൽ വോട്ടെടുപ്പ് നടന്നു. 31 പേർ രേഖയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോൾ 55 പേരാണ് എതിർത്തതെന്നും യെച്ചൂരി അറിയിച്ചു. കരട് രാഷ്ട്രീയ പ്രമേയ രേഖ ചില ഭേദഗതികളോടെയാണ് അംഗീകരിക്കാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

പാർട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് ജനറൽ സെക്രട്ടറിയായി തുടരാൻ തീരുമാനിച്ചതെന്നും യെച്ചൂരി പറഞ്ഞു. ബിജെപിക്കെതിരേയും യെച്ചൂരി രൂക്ഷ വിമർശനം നടത്തി. രാജ്യത്തെ വർഗീയമായി വിഭജിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപി തന്നെയാണ് സിപിഎമ്മിന്‍റെ മുഖ്യശത്രു. ത്രിപുരയിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കാൻ കഴിയില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

ബൂർഷ്വാ- ഭൂവുടമ പാർട്ടികളോടു മുന്നണിയായും സഖ്യമായും സഹകരിക്കാതെ ഉചിതമായ തെരഞ്ഞെടുപ്പ് അടവുനയം വേണമെന്നായിരുന്നു യെച്ചൂരി മുന്നോട്ടുവച്ച രേഖയുടെ കാതൽ. ബംഗാൾ ഘടകത്തിന്‍റെ പരോക്ഷ പിന്തുണ മാത്രമാണ് പിബിയിലും കേന്ദ്ര കമ്മിറ്റിയിലും യെച്ചൂരിക്കുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...