മാപ്പു പറഞ്ഞില്ലെങ്കിൽ കേജരിവാളുമായി ചർച്ചയ്ക്കില്ലെന്ന് സർക്കാർ ജീവനക്കാർ
Wednesday, February 21, 2018 2:08 AM IST
ന്യൂഡൽഹി: ഡൽഹി ചീഫ് സെക്രട്ടറി അംശു പ്രകാശിനെ ആംആദ്മി എംഎൽഎമാർ കൈയേറ്റം ചെയ്ത വിഷയത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മാപ്പുപറയാതെ അദ്ദേഹവുമായി ചർച്ചയ്ക്കില്ലെന്ന് സർക്കാർ ജീവനക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി മാപ്പു പറയുന്നതുവരെ തീർത്തും ഔദ്യോഗികമായ കാര്യങ്ങൾ മാത്രമേ അദ്ദേഹവുമായി സംസാരിക്കൂവെന്നും തങ്ങളുടെ പ്രതിഷേധം തുടരുമെന്നും ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കി. പൂർണമായി ജോലിക‍ൾ ബഹിഷ്കരിക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്നും സംഘടനകൾ അറിയിച്ചു.

ഐഎഎസ് അസോസിയേഷനടക്കമുള്ല വിവിധ സംഘടനകളാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മുഖ്യമന്ത്രി മാപ്പു പറയാതെ മറ്റ് മന്ത്രിസഭാംഗങ്ങളുമായോ ആംആദ്മി പാർട്ടി എംഎൽഎമാരുമായോ ഒരുതരത്തിലുള്ള ചർച്ചയ്ക്കും തയാറല്ലെന്നും സർക്കാർ ജീവനക്കാർ വ്യക്തമാക്കി.

നേരത്തെ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിലുണ്ടായ തർക്കത്തെത്തുടർന്ന് തന്നെ ആപ്പ് എംഎൽഎമാർ മർദ്ദിച്ചുവെന്നായിരുന്നു ഡൽഹി ചീഫ് സെക്രട്ടറി അംശു പ്രകാശ് വ്യക്തമാക്കിയത്. വിഷയത്തിൽ അദ്ദേഹം ലഫ്. ഗവർണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

എഎപി എംഎൽഎമാരിൽ ചിലർ കോളറിന് കുത്തിപ്പിടിക്കുകയും മോശമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തുവെന്നാണ് അംശു പ്രകാശ് വ്യക്തമാക്കിയത്. സംഭവത്തേക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലഫ്. ഗവർണറോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, സംഭവത്തിൽ പ്രതിഷേധിച്ച് സർക്കാർ ജീവനക്കാർ ഓഫീസ് ജോലികൾ ബഹിഷ്കരിച്ചത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.