ശുഹൈബ് വധം: അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ
Thursday, February 22, 2018 4:01 PM IST
ക​ണ്ണൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ട​യ​ന്നൂ​രി​ലെ ശുഹൈബിനെ വധിച്ച കേസ് സിബിഐക്ക് വിടാൻ സാധ്യതയേറി. കണ്ണൂരിൽ ബുധനാഴ്ച നടന്ന സമാധാന യോഗത്തിന് ശേഷം കേസ് സിബിഐക്ക് വിടുന്നതിൽ എതിർപ്പില്ലെന്ന് മന്ത്രി എ.കെ.ബാലനും പ്രതികരിച്ചിരുന്നു. സമാധാന യോഗത്തിലെ തീരുമാനങ്ങൾ മന്ത്രി ബാലൻ മുഖ്യമന്ത്രിക്ക് കൈമാറി. കേസിൽ സിബിഐ അന്വേഷണമാണ് ഉചിതമെന്ന അഭിപ്രായമാണ് ബാലൻ മുഖ്യമന്ത്രിയെ അറിയിച്ചത്.

ശുഹൈബ് വധക്കേസിൽ കടുത്ത പ്രതിരോധത്തിലായ പാർട്ടിയുടെ മുഖം രക്ഷിക്കാൻ സിബിഐ അന്വേഷണം തന്നെയാണ് നല്ലതെന്ന തീരുമാനമാണ് സംസ്ഥാന നേതൃത്വത്തിനുമുള്ളത്. സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ കെ.സുധാകരൻ സമരം തുടരാൻ യുഡിഎഫ് നേതൃത്വം കൂടി തീരുമാനമെടുത്തതോടെ സർക്കാർ കടുത്ത സമ്മർദ്ദത്തിലാകും. വിഷയത്തിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. പാർട്ടിക്കും സർക്കാരിനും തലവേദനയായ വിഷയത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കേണ്ട അനിവാര്യ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ബുധനാഴ്ച സർക്കാർ ബുധനാഴ്ച വിളിച്ചുചേർത്ത സമാധാന യോഗത്തിന് യുഡിഎഫ് പ്രതിനിധികൾ എത്തിയെങ്കിലും പിന്നീട് ബഹിഷ്കരിക്കുകയായിരുന്നു. സമാധാന യോഗത്തിലേക്ക് എംഎൽഎമാരെ ക്ഷണിക്കാതെ കെ.കെ.രാഗേഷ് എംപിയെ മാത്രം ക്ഷണിച്ചതിൽ യുഡിഎഫ് പ്രതിനിധികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയും തമ്മിൽ രൂക്ഷമായ വാക്കേറ്റവും യോഗഹാളിൽ നടന്നു. തുടർന്ന് സമാധാനം യോഗം വിളിക്കുന്നതിൽ പോലും സർക്കാരിന് ആത്മാർഥതയില്ലെന്ന് ആരോപിച്ച് യുഡിഎഫ് യോഗം ബഹിഷ്കരിക്കുകയായിരുന്നു.

ശു​ഹൈ​ബ് വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. അക്രമികൾ എത്തിയ വാഹനം കണ്ടെത്താനും പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പോലീസ് പ്രതികൾക്കൊപ്പം നിന്ന് ഒത്തുകളിക്കുകയാണെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. യഥാർഥ പ്രതികളെ ഒഴിവാക്കി സിപിഎം നൽകുന്ന ഡമ്മി പ്രതികളിൽ കേസ് ഒതുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ശുഹൈബിന്‍റെ വധവുമായി ബന്ധപ്പെട്ട് ടി.പി വധക്കേസ് പ്രതി കിർമാണി മനോജിന്‍റെ പങ്ക് അന്വേഷിക്കണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.