ഗവാസ്കറോട് മാപ്പ് പറയാമെന്ന് എഡിജിപിയുടെ മകൾ
Tuesday, July 10, 2018 11:25 AM IST
തിരുവനന്തപുരം: പോലീസ് കോണ്‍സ്റ്റബിളിനെ മർദ്ദിച്ചുവെന്ന മകൾക്കെതിരായ കേസ് ഏത് വിധേനയും ഒഴിവാക്കാൻ പുതിയ തന്ത്രവുമായി ബറ്റാലിയൻ മുൻ എഡിജിപി സുദേഷ്കുമാർ രംഗത്ത്. മർദ്ദനമേറ്റ പോലീസുകാരൻ ഗവാസ്കറോട് മകൾ മാപ്പ് പറയാമെന്നാണ് എഡിജിപിയുടെ പുതിയ നിലപാട്. ഇക്കാര്യം എഡിജിപിയുടെ അഭിഭാഷകൻ ഗവാസ്കറുടെ അഭിഭാഷകനെ അറിയിച്ചു. എന്നാൽ ഗവാസ്കർ അനുകൂലമായ മറുപടി ഇതിന് നൽകിയിട്ടില്ല.

അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് മകളെ രക്ഷിക്കാൻ പുതിയ തന്ത്രവുമായി സുദേഷ്കുമാർ രംഗത്തിറങ്ങിയിരിക്കുന്നത്. മകൾക്കെതിരായ കേസിൽ കുരുക്ക് മുറുകിയെന്നും വൈകും തോറും അറസ്റ്റിനുള്ള സാധ്യത കൂടുതലാണെന്നും എഡിജിപിക്ക് ബോധ്യമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഏത് വിധേനയും ഗവാസ്ക്കറെക്കൊണ്ട് പരാതി പിൻവലിപ്പിക്കുക എന്ന മാർഗം മാത്രമേ എഡിജിപിക്ക് മുന്നിൽ അവശേഷിക്കുന്നുള്ളൂ.

ഗവാസ്കർ അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യത്തിൽ മറ്റ് സമ്മർദ്ദങ്ങൾക്കും എഡിജിപി നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാൽ കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഗവാസ്ക്കറും കുടുംബവും നിലവിൽ തീരുമാനിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എല്ലാ പിന്തുണയും നൽകാമെന്ന് നേരത്തെ മുഖ്യമന്ത്രിയും ഗവാസ്ക്കർക്ക് വാക്കു നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.