ചാരക്കേസ്: നന്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി
Tuesday, July 10, 2018 11:43 AM IST
ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസിൽ നന്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി വാക്കാൽ പരാമർശിച്ചു. നഷ്ടപരിഹാരവും കേസിൽ പുനരന്വേഷണവും ആവശ്യപ്പെട്ട് നന്പി നാരായണൻ നൽകിയ ഹർജിയിലെ വാദത്തിനിടെയാണ് ചീഫ് ജസ്റ്റീസ് സുപ്രധാന നിരീക്ഷണം നടത്തിയത്. എന്നാൽ ബെഞ്ചിലുണ്ടായിരുന്ന മറ്റൊരു ജഡ്ജിയായ ജസ്റ്റീഡ് ഡി.വൈ.ചന്ദ്രചൂഡ് നഷ്ടപരിഹാരമാണോ അതോ പുനരന്വേഷണമാണോ നീതിയുക്തം എന്ന് ചോദിക്കുകയും ചെയ്തു. ഹർജി വിധി പറയാൻ കോടതി മാറ്റിവച്ചു.

നഷ്ടപരിഹാരം ആര് നൽകണമെന്ന കാര്യവും വാദത്തിനിടയിൽ ചർച്ചയായി. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന നിരീക്ഷണമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് മുന്നോട്ടുവച്ചത്. അങ്ങനെയല്ല, സർക്കാർ നഷ്ടപരിഹാരം നൽകട്ടെ എന്നും, എത്ര വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും അഭിപ്രായം ഉയർന്നു.

അതേസമയം കേസിൽ പുനരന്വേഷണം കോടതി മേൽനോട്ടത്തിൽ നടത്താൻ തയാറാണെന്ന് സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സിബിഐക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും കോടതി നിർദ്ദേശിച്ചാൽ അന്വേഷണം തുടങ്ങാമെന്നുമായിരുന്നു അവരുടെ നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.