മുനമ്പത്ത് ബോട്ടിലിടിച്ചത് ഇന്ത്യൻ ചരക്ക് കപ്പലെന്ന് സൂചന
Tuesday, August 7, 2018 2:59 PM IST
കൊച്ചി: മുനന്പം തീരത്ത് മത്സ്യബന്ധന ബോട്ടിലിടിച്ചത് ഇന്ത്യൻ ചരക്ക് കപ്പൽ എൻ.വി ദേശ് ശക്തിയെന്ന് സൂചന. ഇക്കാര്യം നേവിയുടെ ഡ്രോണിയർ വിമാനം പരിശോധിച്ചു വരികയാണ്. അപകടത്തിൽ കാണാതായവർക്ക് വേണ്ടി മത്സ്യത്തൊഴിലാളികളും തീരദേശ പോലീസും നേവിയും തെരച്ചിൽ തുടരുകയാണ്. തെരച്ചിലിനായി നേവിയുടെ മൂന്ന് ഹെലികോപ്റ്ററും എത്തിയിട്ടുണ്ട്.

പുലർച്ചെ നാലോടെയാണ് സംഭവമുണ്ടായതെന്നാണ് അപകടത്തിൽ പെട്ട മത്സ്യബന്ധന ബോട്ടിന്‍റെ സ്രാങ്ക് എഡ്‌വിൻ പറയുന്നത്. ബോട്ടിലിടിച്ചതിന് പിന്നാലെ കപ്പൽ നിർത്തിയെന്നും പിന്നീട് കുറച്ചു സമയത്തിനകം മുന്നോട്ടു നീങ്ങുകയായിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഇടിയുടെ ശക്തിയിൽ ബോട്ട് രണ്ടായി പിളർന്നു പോയെന്നും അപകടം നടക്കുന്ന സമയം താനൊഴികെ ബാക്കിയുള്ളവരെല്ലാം ഉറങ്ങുകയായിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

എഡ്‌വിന് പുറമേ രണ്ടു പേർ കൂടിയാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. പശ്ചിമ ബംഗാൾ സ്വദേശി നരേൻ സർക്കാരും ഒരു മലയാളിയുമാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. മലയാളി പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. എഡ്‌വിനും നരേനും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...