ഗ്രേഡ് എസ്ഐയുടെ നേതൃത്വത്തിൽ പോലീസിന്‍റെ നായാട്ട്; മൂന്ന് പേർ അറസ്റ്റിൽ
Tuesday, August 7, 2018 4:23 PM IST
തിരുവനന്തപുരം: നിയമപാലകരാകേണ്ട പോലീസുകാർ തന്നെ നിയമം നോക്കുകുത്തിയാക്കി നായാട്ടിനിറങ്ങിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പൊന്മുടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അയൂബും രണ്ടു പോലീസുകാരും എസ്ഐയുടെ മൂന്ന് ബന്ധുക്കളും ഉൾപ്പെടുന്ന സംഘമാണ് പൊന്മുടി വനത്തിൽ വോട്ടയ്ക്കിറങ്ങിയത്.

സംഘം നാടൻ തോക്ക് ഉപയോഗിച്ച് മ്ലാവിനെ വെടിവച്ച് കൊന്നു. പോലീസ് വാഹനത്തിലായിരുന്നു എസ്ഐയും സംഘവും കാട്ടിൽ വേട്ടയ്ക്ക് കയറിയത്. പിന്നീട് ഇതേ പോലീസ് വാഹനത്തിൽ മ്ലാവിനെ എസ്ഐയുടെ ബന്ധുവിന്‍റെ വീട്ടിലെത്തിച്ച് ഇറച്ചി എല്ലാവരും പങ്കിട്ടെടുക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് പോലീസിന്‍റെ നായാട്ട് പൊന്മുടി കാട്ടിൽ അരങ്ങേറിയത്. എസ്ഐയുടെ രണ്ടു പോലീസുകാരും അടങ്ങുന്ന സംഘം ബന്ധുക്കളെയും വിളിച്ചുവരുത്തി ആയുധങ്ങളുമായി കാട്ടിൽ കയറുകയായിരുന്നു. ആരുമറിയാതെ എസ്ഐയും സംഘവും നായാട്ട് നടത്തി മടങ്ങിയെങ്കിലും സംഭവം കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ച് അധികൃതർക്ക് ചോർന്നു കിട്ടി. പിന്നാലെ ഫോറസ്റ്റ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ലൈസൻസില്ലാത്ത തോക്കും മ്ലാവിന്‍റെ ഇറച്ചിയും കണ്ടെത്തിയത്.

സംഭവം പുറത്തായതോടെ എസ്ഐയും പോലീസുകാരും മുങ്ങി. ഇവർക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ എസ്ഐയുടെ ബന്ധുക്കളായ മൂന്ന് പേരെ ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിൽ പോലീസുകാർക്കെതിരേ വകുപ്പുതല നടപടി ഉറപ്പായിരിക്കുകയാണ്. ഒൗദ്യോഗിക വാഹനത്തിൽ ലൈസൻസില്ലാത്ത തോക്കുമായി എസ്ഐയും പോലീസുകാരും വേട്ടയ്ക്കിറങ്ങിയ സംഭവം ആഭ്യന്തരവകുപ്പിന് പുതിയ തലവേദനയായിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...