താമരശേരി ചുരത്തിലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കാൻ ഉത്തരവ്
Saturday, August 11, 2018 11:40 AM IST
കോഴിക്കോട്: താമരശേരി ചുരത്തിലെ രണ്ടാം വളവിൽ സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലായ കെട്ടിടം അടിയന്തരമായി പൊളിച്ചു മാറ്റാൻ സർക്കാർ നിർദ്ദേശം നൽകി. രാവിലെ കോഴിക്കോട്ട് മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകാൻ ബന്ധപ്പെട്ട പഞ്ചായത്തിന് നിർദ്ദേശം നൽകാൻ മന്ത്രിമാർ ഉത്തരവിട്ടു.

മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മൂന്നുനില കെട്ടിടമാണ് അപകടാവസ്ഥയിലുള്ളത്. ഹോട്ടൽ സമുച്ചയത്തിന് വേണ്ടി അനധികൃതമായി നിർമിച്ച കെട്ടിടം കനത്ത മഴയിൽ അപകടാവസ്ഥയിലാവുകയായിരുന്നു. കെട്ടിടം ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. ഈ കെട്ടിടത്തിന് താഴെയായി എട്ട് വീടുകളാണുള്ളത്. കെട്ടിടം തകർന്നാൽ ഈ വീടുകൾക്ക് മേൽ പതിക്കുമെന്ന് ബോധ്യമായതോടെയാണ് അടിയന്തരമായി പൊളിച്ചുമാറ്റാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

രണ്ടു വർഷം മുൻപ് നിർമിച്ച കെട്ടിടമാണിത്. കെട്ടിടം അപകടാവസ്ഥയിലായതിന് പിന്നാലെ രണ്ടാംവളവിൽ റോഡിനും വിള്ളൽ സംഭവിച്ചിരുന്നു. ഇതേതുടർന്ന് പ്രദേശവാസികളുടെ പരാതി ഉയർന്നതോടെയാണ് കെട്ടിടം പൊളിക്കാൻ നോട്ടീസ് നൽകുന്നത്.

കോഴിക്കോട്ടെ അവലോകന യോഗത്തിൽ കണ്ടപ്പൻകുണ്ട്, തിരുവന്പാടി മേഖലകളിൽ ഉരുൾപൊട്ടൽ മൂലമുണ്ടായ നാശനഷ്ടങ്ങളും വിലയിരുത്തി. മേഖലയിലേക്ക് കൂടുതൽ കേന്ദ്ര സേനകളെ ആവശ്യപ്പെടാൻ തീരുമാനിച്ചു. വീട് തകർന്നവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. സ്ഥലത്തെ രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായ ശേഷമാവും ആളുകൾക്ക് സാന്പത്തിക സഹായം എത്തിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...