ഷാനവാസ് എംപിയുടെ ആരോഗ്യനിലയിൽ പുരോഗതി
Thursday, November 8, 2018 10:34 AM IST
ചെന്നൈ: എം.ഐ. ഷാനവാസ് എംപിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധയുണ്ടായത് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമാക്കിയിരുന്നു. എന്നാൽ നിർണായകമായ 24 മണിക്കൂർ പിന്നിട്ടെന്നും മരുന്നുകളോട് നല്ലരീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും ആളുകളെ അദ്ദേഹം തിരിച്ചറിയുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.

ഒക്ടോബർ 31-നാണ് കരൾമാറ്റ ശസ്ത്രക്രിയക്കായി അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൾ അമീനയാണ് കരൾ നൽകിയത്. ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷം അണുബാധയുണ്ടായതോടെ നില വഷളായി. ബുധനാഴ്ച വൈകിട്ടോടെ സ്ഥിരി ഗുരുതരമായതിനാൽ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലല്ലാത്തതിനാൽ ഡയാലിസിസ് തുടരുകയാണ്. നില മെച്ചപ്പെട്ടുവെന്നും രാവിലെ ബന്ധുക്കളോട് സംസാരിച്ചുവെന്നും ഡോക്ടർമാർ അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ, കെ.സി.വേണുഗോപാൽ എംപി, ഹൈബി ഈഡൻ എംഎൽഎ, കോഴിക്കോട് ഡിസിസി അധ്യക്ഷൻ ടി.സിദ്ദീഖ് തുടങ്ങി നിരവധി നേതാക്കൾ ആശുപത്രിയിൽ എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.