പ്രധാനമന്ത്രി സന്പന്നരുടെ കാവൽക്കാരനായി മാറിയെന്ന് രാഹുൽ ഗാന്ധി
Thursday, November 15, 2018 1:17 AM IST
റായ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിക്ക് ധാർഷ്ട്യമാണെന്ന് രാഹുൽ ആരോപിച്ചു. വൻകിട കോർപ്പറേറ്റുകളുടെ കാവൽക്കാരനായി മോദി മാറിയിരിക്കുകയാണ്. സാധാരണക്കാരന്‍റെ വിയർപ്പും രക്തവും കൊണ്ടാണ് രാജ്യം വളർന്നതെന്ന കാര്യം അദ്ദേഹം മനസിലാക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.

ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് രാഹുലിന്‍റെ വിമർശനം. ഒരു വ്യക്തിക്കോ ഒരു പാർട്ടിക്കോ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഇന്ന് രണ്ട് ഇന്ത്യകളാണ് നിലനിൽക്കുന്നത്. അനിൽ‌ അംബാനി, മെഹുൽ ചോക്സി, നീരവ് മോദി, വിജയ് മല്യ തുടങ്ങിയ സമ്പന്നരുടെ ഇന്ത്യയും കർഷകരും തൊഴിലാളികളും ജീവിക്കുന്ന സാധാരണക്കാരുടെ ഇന്ത്യയും. ഈ വേര്‍തിരിവ് ആവശ്യമില്ലെന്നും രാഹുൽ പറഞ്ഞു.

സന്പന്നർക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സാധാരണക്കാർക്കും ലഭിക്കണം. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ധനികരുടെയും വായ്പ എഴുതിത്തള്ളരുതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.