ധാക്ക ടെസ്റ്റിൽ സിംബാബ്‌വെക്ക് തോൽവി
Thursday, November 15, 2018 1:40 PM IST
ധാക്ക: വിദേശ മണ്ണിൽ 17 വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് വിജയിച്ച സിംബാബ്‌വെക്ക് പരന്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനോട് തോൽവി. ഇതോടെ രണ്ടു മത്സരങ്ങളുടെ പരന്പര 1-1 എന്ന നിലയിൽ സമനിലയായി.

രണ്ടു ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ബ്രണ്ടൻ ടെയ്‌ലറുടെ പോരാട്ടവീര്യമാണ് തോൽവിയിലും സിംബാബ്‌വെക്ക് ആശ്വാസം നൽകുന്നത്. ആദ്യ ഇന്നിംഗ്സിൽ 110 റണ്‍സ് നേടിയ ടെയ്‌ലർ രണ്ടാം ഇന്നിംഗ്സിൽ 106 റണ്‍സോടെ പുറത്താകാതെ നിന്നു.

443 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ് വെയുടെ രണ്ടാം ഇന്നിംഗ്സ് 224 റണ്‍സിൽ അവസാനിച്ചു. 76/2 എന്ന നിലയിലാണ് അവർ അവസാനദിനം തുടങ്ങിയത്. നാല് റണ്‍സുമായി അഞ്ചാം ദിനം തുടങ്ങിയ ടെയ്‌ലർ വിക്കറ്റുകൾ ഒരറ്റത്ത് കൊഴിഞ്ഞപ്പോഴും അടിയുറച്ചു നിന്നു. 10 ബൗണ്ടറികളുടെ സഹായത്തോടെയാണ് സെഞ്ചുറി പൂർത്തിയാക്കിയത്. ഇത് രണ്ടാം തവണയാണ് ടെയ്‌ലർ ഒരു ടെസ്റ്റിന്‍റെ രണ്ടു ഇന്നിംഗ്സിലും സെഞ്ചുറി നേടുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സിംബാബ്‌വെ താരമാണ് ടെയ്‌ലർ.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസൻ മിറാസാണ് സിംബാബ്‌വെയെ വരിഞ്ഞുമുറുക്കിയത്. ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റുകൾ നേടിയ മെഹ്ദി ഇതോടെ മത്സരത്തിൽ എട്ടു വിക്കറ്റുകൾ സ്വന്തമാക്കി.

സ്കോർ: ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് 522/7 ഡിക്ലയേർ, രണ്ടാം ഇന്നിംഗ്സ് 224/6 ഡിക്ലയേർഡ്. സിംബാബ്‌വെ ഒന്നാം ഇന്നിംഗ്സ് 304, രണ്ടാം ഇന്നിംഗ്സ് 224.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.