തൃപ്തിക്ക് കോണ്‍ഗ്രസ് ബന്ധമെന്ന് ദേവസ്വം മന്ത്രി; ബിജെപിയുടേത് പ്രാകൃത പ്രതിഷേധം
Friday, November 16, 2018 12:58 PM IST
നിലയ്ക്കൽ: ശബരിമല ദർശനത്തിനെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ് ബന്ധമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിലയ്ക്കലിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസും ബിജെപിയും പറഞ്ഞാൽ തൃപ്തി നെടുന്പാശേരിയിൽ നിന്നും മടങ്ങിപ്പോകുമായിരിക്കും. ഒരു വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് പ്രാകൃത പ്രതിഷേധമാണെന്നും പോലീസ് അവരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ബിജെപി നടത്തുന്ന പ്രതിഷേധം രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമാണ്. തങ്ങൾക്ക് സുവർണാവസരം ലഭിച്ചുവെന്ന പി.എസ്.ശ്രീധരൻപിള്ളയുടെ വാക്കിന്‍റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന കോലാഹലങ്ങൾ. ശബരിമല ദർശനത്തിന് സർക്കാർ ആരെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ല. പക്ഷേ, സുപ്രീംകോടതിയുടെ വിധിയുടെ പിൻബലത്തിൽ ആരെങ്കിലും വന്നാൽ സർക്കാരിന് എന്തു ചെയ്യാൻ കഴിയുമെന്നും മന്ത്രി ചോദിച്ചു.

വിധി നടപ്പാക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നാണ് ശ്രീധരൻപിള്ള പോലും പറയുന്നത്. വരുന്നവരെയെല്ലാം തടയുകയും ചെയ്യും. സർക്കാരിനെ അനാവശ്യമായി പ്രതിക്കൂട്ടിൽ നിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പന്പയിലും നിലയ്ക്കലിലും മണ്ഡല കാലത്തിന് മുന്നോടിയായി സാധ്യമായ ഒരുക്കങ്ങളെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിന് ശേഷം നിർമാണങ്ങൾക്ക് പന്പയിൽ നിയന്ത്രണമുണ്ട്. ഈ സാഹചര്യം എല്ലാവരും മനസിലാക്കണമെന്നും സമാധാനപരമായ ഒരു തീർഥാടനകാലമാകാൻ എല്ലാവരും സഹകരിക്കണമെന്നും കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.