ശബരിമലയെ കൈപ്പിടിയിലൊതുക്കാനാണ് ബിജെപിയുടെ നീക്കമെന്ന് മുഖ്യമന്ത്രി
Monday, November 19, 2018 9:23 PM IST
മലപ്പുറം: ശബരിമലയെ കൈപ്പിടിയില്‍ ഒതുക്കാനാണ് ബിജെപിയുടെയും സംഘപരിവാറിന്‍റെയും നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്‍റെ ഭാഗമായാണ് ഓരോ ദിവസവും പ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയയ്ക്കണമെന്ന സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍, അത് നടക്കില്ലെന്ന് മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു. ശബരിമല സംബന്ധിച്ചു തീരുമാനങ്ങൾ എടുക്കുന്നതു ദേവസ്വം ബോർഡാണെന്നു പറഞ്ഞ മുഖ്യമന്ത്രി ജനത്തെ ഭിന്നിപ്പിച്ചു നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതന്നും വ്യക്തമാക്കി.

ക്രിമിനലുകളെ ഇറക്കിയാൽ ശക്തമായി നേരിടും. ഒരു ‘പിത്താട്ടവും’ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ അനുവദിക്കില്ല. നിയമവാഴ്ചയുള്ള രാജ്യത്ത് ക്രമസമാധാനനില പാലിക്കാൻ സർക്കാരിനു പൂർണചുമതലയുണ്ട്. പ്രശ്നമുണ്ടാക്കാൻ പുറപ്പെട്ടാൽ മോശമായ നിലയുണ്ടാകും- മുഖ്യമന്ത്രി തുറന്നടിച്ചു. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നു പരാതിപ്പെടുന്നവർ ഏതാനും ആഴ്ചകൾ മുൻപുണ്ടായ പ്രളയത്തെക്കുറിച്ച് ഓർക്കണമെന്നും പുനർനിർമാണ പദ്ധതികളിൽ ആദ്യം പരിഗണിച്ചത് ശബരിമലയെ ആണെന്നും പറഞ്ഞ പിണറായി വീണ്ടും വെള്ളപ്പൊക്കമുണ്ടായത് പുനർനിർമാണ പ്രവർത്തനങ്ങളെ ബാധിച്ചെന്നും വ്യക്തമാക്കി.

തന്നെ ചവിട്ടി കടലിലിടുമെന്ന് ബിജെപിയുടെ പ്രധാന നേതാവ് പരസ്യമായി പറഞ്ഞിരുന്നു അത്രയും ബലം അദ്ദേഹത്തിന്‍റെ കാലിനുണ്ടെന്ന് തോന്നുന്നില്ല. തന്‍റെ ശരീരം ചവിട്ട് കൊള്ളാത്ത ശരീരമല്ല. ബൂട്‌സിട്ട കാലുകൊണ്ടുള്ള ചവിട്ടേറ്റ ശരീരമാണിത്. എന്നുവച്ച് ബിജെപിക്കാര്‍ക്ക് കയറി കളിക്കാനുള്ള സ്ഥലമാണെന്ന് കണക്കാക്കേണ്ട. അങ്ങനെ വല്ല മോഹവുമുണ്ടെങ്കില്‍ അത് മനസില്‍വച്ചാല്‍ മതി. ഒരു ഭീഷണിയും ഒരുകാലത്തും താന്‍ വകവച്ചിട്ടി- മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ കോൺഗ്രസിന്‍റേത് വിചിത്രമായ നിലപാടാണ്. രാഹുൽ ഗാന്ധിയുടെ നിലപാടു വ്യക്തിപരം എന്നു പറയുന്ന കേരളത്തിലെ നേതാക്കൾക്ക് അമിത് ഷായുടെ നിലപാടാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.