ശബരിമലയെ രാഷ്ട്രീയ നേട്ടത്തിന് വിട്ടുതരില്ല; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി
Tuesday, November 20, 2018 11:30 AM IST
തിരുവനന്തപുരം: ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തിന് ആർക്കും വിട്ടു തരില്ലെന്നും സംഘപരിവാർ അജണ്ട ശബരമലയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് ശബരിമല വിഷയത്തിൽ നിലപാട് വീണ്ടും കടുപ്പിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.ശബരിമലയിൽ ദർശനത്തിന് എത്തുന്ന ഭക്തർക്ക് ഒരു അസൗകര്യങ്ങളുമുണ്ടാകുന്നില്ല. പോലീസ് അറസ്റ്റ് ചെയ്തത് ശബരിമലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ കരുതിക്കൂട്ടി വന്നവരെ മാത്രമാണ്. സാധാരണ ഭക്തർ സുഗമമായി ദർശനം നടത്തിയാണ് മടങ്ങുന്നത്. എന്നാൽ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ശബരിമലയെ പ്രതിഷേധ ഭൂമിയാക്കി മാറ്റാമെന്ന ധാരണ വച്ചു പുലർത്തി വരുന്നവരെ പോലീസ് ആ നിലയ്ക്ക് തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ സംഘപരിവാർ നടത്തുന്ന സമരം ഭക്തിയുടെ പേരിലല്ല. സമരക്കാരുടെ ഉള്ളിലിരുപ്പ് നേരത്തെ തന്നെ വ്യക്തമായതാണ്. സമരം ശബരിമലയിൽ വരുന്ന യുവതികൾക്കെതിരേ അല്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരേയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ വ്യക്തമാക്കി കഴിഞ്ഞില്ലെയെന്നും മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ രണ്ടു തവണ നട തുറന്നപ്പോഴും പ്രതിഷേധക്കാരുടെ അക്രമങ്ങൾ കണ്ടതാണ്. സഞ്ചാര സ്വാതന്ത്ര്യം ഭക്തർക്ക് ഇല്ലാതായ സാഹചര്യത്തിൽ മാത്രമാണ് പോലീസ് ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം ശബരിമല സന്ദർശിച്ചിട്ട് സുപ്രീംകോടതി വിധിയെക്കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല. ബിജെപിയുടെ ദേശീയ നേതാക്കൾ ശബരിമല ദർശനത്തിന് വരുമെന്ന് കേൾക്കുന്നു. ദർശനത്തിനാണ് വരുന്നതെങ്കിൽ അവർക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുക്കും. മറിച്ച് സംഘർഷമുണ്ടാക്കുകയാണ് ലക്ഷ്യമെങ്കിൽ ആ നിലയ്ക്ക് അതിനെ കാണേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

ശബരിമലയെ കലാപ ഭൂമിയാക്കാൻ അനുവദിക്കുന്ന പ്രശ്നമില്ല. അവിടെ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ കൂട്ടം കൂടാൻ പാടില്ല എന്ന ഉദ്ദേശം വച്ചുള്ളതല്ല. ക്രമസമാധാന പ്രശ്നമുണ്ടായപ്പോൾ പ്രതിഷേധങ്ങൾ സന്നിധാനത്ത് വരാതിരിക്കുന്നതിനും പ്രതിഷേധക്കാർ കൂട്ടംകൂടി ഭക്തരെ തടയുന്ന സ്ഥിതിയുണ്ടാകാതിരിക്കാനുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല ദർശനത്തിന് സർക്കാർ മുൻകൈയെടുത്ത് ഒരു സ്ത്രീയെയും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല. ആരുടെയും വീട് മുതൽ സംരക്ഷണം നൽകാനും പോലീസിന് കഴിയില്ല. പക്ഷേ, ദർശനത്തിനായി ആരെങ്കിലും നിലയ്ക്കൽ എത്തി സംരക്ഷണം ആവശ്യപ്പെട്ടാൽ പോലീസ് നൽകുമെന്നും അത് സുപ്രീംകോടതി വിധിയല്ലെയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.