അഡ്‌ലെയ്ഡിൽ ലീഡിനായി ഇന്ത്യയും ഓസീസും പൊരുതുന്നു
Friday, December 7, 2018 1:17 PM IST
അഡ്‌ലെയ്ഡ്: ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സിൽ ലീഡിനായി ഇന്ത്യയും ഓസ്ട്രേലിയയും പൊരുതുകയാണ്. രണ്ടാം ദിവസം കളിനിർത്തുന്പോൾ ഓസീസ് ഒന്നാം ഇന്നിംഗ്സിൽ 191/7 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് ഒപ്പമെത്താൻ ഓസീസിന് ഇനി 59 റണ്‍സ് കൂടി നേടണം.

61 റണ്‍സുമായി പൊരുതി നിൽക്കുന്ന ട്രാവിസ് ഹെഡിലാണ് ഓസീസ് പ്രതീക്ഷകളത്രയും. എട്ട് റണ്‍സുമായി മിച്ചൽ സ്റ്റാർക്കും ഒപ്പമുണ്ട്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ 250 റണ്‍സിൽ അവസാനിച്ചിരുന്നു. ഒൻപത് വിക്കറ്റ് നഷ്ടമായി ഇന്ന് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ദിനത്തിലെ ആദ്യ പന്തിൽ തന്നെ ഷമിയെ നഷ്ടമായതോടെ ഇന്നിംഗ്സിന് തിരശീല വീഴുകയായിരുന്നു.

ഓസീസിന്‍റെ തുടക്കവും തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡ് തുറക്കും മുൻപ് ഓപ്പണർ ആരോണ്‍ ഫിഞ്ചിനെ അവർക്ക് നഷ്ടമായി. ആദ്യ ഓവറിലെ മൂന്നാം പന്തിൽ ഇഷാന്ത് ശർമ ഫിഞ്ചിനെ ക്ലീൻബൗൾഡ് ചെയ്തു. മാർക്കസ് ഹാരിസ് (26), ഉസ്മാൻ കവാജ (28), പീറ്റർ ഹാൻഡ്സ്കോം (34) എന്നിവർ പൊരുതിയെങ്കിലും അധികം നീണ്ടില്ല. ഷോണ്‍ മാർഷ് (2), ക്യാപ്റ്റൻ ടിം പെയിൻ (5) എന്നിവർ പൊരുതാതെ വീണതോടെ ഓസീസ് 127/6 എന്ന നിലയിലായി.

എന്നാൽ ഒരറ്റത്ത് ഹെഡ് ഉറച്ചുനിന്നത് ഓസീസിന് തുണയായി. പാറ്റ് കമ്മിൻസിനെ (10) കൂട്ടുപിടിച്ച് ഹെഡ് ഏഴാം വിക്കറ്റിൽ 50 റണ്‍സ് കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് വേണ്ടി ആർ.അശ്വിൻ മൂന്നും ഇഷാന്ത് ശർമ, ജസ്പ്രീത് ബുംറ എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.