അഡ്‌ലെയ്ഡിൽ ഇന്ത്യയ്ക്ക് ജയം
Monday, December 10, 2018 10:50 AM IST
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 31 റണ്‍സിന്‍റെ വിജയം. ഇതോടെ നാല് മത്സരങ്ങളുടെ പരന്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. 323 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 291 റണ്‍സിന് ഓൾഒൗട്ടായി. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും (123) രണ്ടാം ഇന്നിംഗ്സിൽ അർധ സെഞ്ചുറിയും (71) നേടിയ ചേതേശ്വർ പൂജാരയാണ് മാൻ ഓഫ് ദ മാച്ച്.

ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ചരിത്രത്തിൽ ആദ്യാമായാണ് വിജയം നേടുന്നത്. ഓസീസ് മണ്ണിലെ ആറാം വിജയമാണ് വിരാട് കോഹ്‌ലിയും സംഘവും നേടിയത്. അഡ്‌ലെയ്ഡിൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമാണ് മുൻപ് ടെസ്റ്റ് ജയിച്ചിട്ടുള്ളത്.

104/4 എന്ന നിലയിൽ അവസാനദിനം തുടങ്ങിയ ഓസീസിന്‍റെ പ്രതീക്ഷകളത്രയും ക്രീസിലുണ്ടായിരുന്ന ട്രാവിസ് ഹെഡ്-ഷോണ്‍ മാർഷ് സഖ്യത്തിലായിരുന്നു. എന്നാൽ ലഞ്ചിന് മുൻപ് തന്നെ ഇരുവരെയും ഇന്ത്യൻ ബൗളർമാർ മടക്കിയയച്ചു. ക്ഷമയോടെ ബാറ്റ് ചെയ്ത മാർഷ് 166 പന്തുകൾ നേരിട്ട് 60 റണ്‍സ് നേടി. ലഞ്ചിന് ശേഷം ഓസീസ് വാലറ്റം നടത്തിയ ചെറുത്തുനിൽപ്പ് അവർക്ക് വിജയ പ്രതീക്ഷ നൽകി.

ലഞ്ചിന് പിന്നാലെ അനാവശ്യ ഷോട്ടിന് ശ്രമിച്ച നായകൻ ടിം പെയ്ൻ (41) പുറത്തായതാണ് ഓസീസിന് തിരിച്ചടിയായത്. എന്നാൽ എട്ടാം വിക്കറ്റിൽ മിച്ചൽ സ്റ്റാർക്ക്-പാറ്റ് കമ്മിൻസ് സഖ്യം 41 റണ്‍സ് കൂട്ടിച്ചേർത്തു. സ്റ്റാർക്ക് 28 റണ്‍സ് നേടി ഷമിക്ക് മുന്നിൽ വീണതോടെ പോരാട്ടം ലയണ്‍-കമ്മിൻസ് സഖ്യം ഏറ്റെടുത്തു. ഇരുവരും ചേർന്ന് 31 റണ്‍സ് സ്കോർ ചെയ്തു. 121 പന്തുകൾ ബാറ്റ് ചെയ്ത് 28 റണ്‍സ് നേടിയ കമ്മിൻസാണ് ഒൻപതാമത് വീണത്.അവസാന വിക്കറ്റിൽ 64 റണ്‍സായിരുന്നു ഓസീസിന് വേണ്ടിയിരുന്നത്. ഹേസിൽവുഡിനെ കൂട്ടുപിടിച്ച് പോരാട്ടം തുടരാൻ ലയണ്‍ തീരുമാനിച്ചതോടെ ഇന്ത്യയ്ക്ക് സമ്മർദ്ദം അനുഭവപ്പെട്ടു. സിംഗിളുകളും ഡബിളുകളും ഇടയ്ക്ക് ഓരോ ബൗണ്ടറിയുമായി സ്കോർ മുന്നോട്ടുപോയിക്കൊണ്ടിരുന്നു. ഹേസിൽവുഡ് വിക്കറ്റ് കളയാതെ ഒരുവശം കാത്തതോടെ ലയണ്‍ സ്കോർ ചെയ്തുകൊണ്ടിരുന്നു.

അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയക്ക് വിജയം സമ്മാനിച്ചത്. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തിൽ മുന്നോട്ടുവന്ന് കളിക്കാൻ ശ്രമിച്ച ഹേസിൽവുഡ് രണ്ടാം സ്ലിപ്പിൽ രാഹുലിന് ക്യാച്ച് സമ്മാനിച്ചതോടെ കോഹ്‌ലിയും സംഘവും അഡ്‌ലെയ്ഡ് ഓവലിൽ തുള്ളിച്ചാടി. 38 റണ്‍സുമായി തോൽക്കാതെ ഒരുവശത്ത് ലയണ്‍ അടിയുറച്ചു നിൽക്കുകയും ചെയ്തു.

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, ആർ.അശ്വിൻ, മുഹമ്മദ് ഷമി എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി. ഇഷാന്ത് ശർമയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. മത്സരത്തിൽ 11 ക്യാച്ചുകളുമായി വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ശ്രദ്ധേയ പ്രകടനം നടത്തി. ഒരു മത്സരത്തിൽ ഏറ്റവും അധികം ക്യാച്ചുകൾ നേടിയ വിക്കറ്റ് കീപ്പർ എന്ന റിക്കോർഡിന് ഒപ്പമെത്താനും പന്തിന് കഴിഞ്ഞു. ജാക്ക് റസൽ (ഇംഗ്ലണ്ട്), എ.ബി.ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക) എന്നിവരാണ് മുൻപ് ഒരു മത്സരത്തിൽ 11 ക്യാച്ചുകൾ നേടിയിട്ടുള്ളത്.

സ്കോർ: ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 250, രണ്ടാം ഇന്നിംഗ്സ് 307. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 235, രണ്ടാം ഇന്നിംഗ്സ് 291. പരന്പരയിലെ രണ്ടാം മത്സരം 14ന് പെർത്തിൽ തുടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.