വനിതാ മതിലിൽ സഹകരിച്ചില്ലെങ്കിൽ തുഷാർ എസ്എൻഡിപിക്ക് പുറത്ത്: വെള്ളാപ്പള്ളി
Wednesday, December 12, 2018 4:09 PM IST
ആലപ്പുഴ: വനിതാ മതിലിനോട് സഹകരിക്കാൻ തയാറാകുന്നില്ലെങ്കിൽ തുഷാർ വെള്ളാപ്പള്ളി എസ്എൻഡിപിയിൽ നിന്നും പുറത്താകുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഡിജഐസ് വനിതാ മതിലുമായി സഹകരിക്കുമോ എന്ന് അവരോട് ചോദിക്കണം. എസ്എൻഡിപി യോഗത്തിന്‍റെ വൈസ് പ്രസിഡന്‍റ് എന്ന നിലയിലാണ് തുഷാർ വെള്ളാപ്പള്ളി യോഗത്തിൽ പങ്കെടുത്തത്. വനിതാ മതിലിനെതിരേ ബിഡിജെഎസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസിനെതിരേയും രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടത്തിയത്. ആണത്തവും മാന്യതയും ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എൻഎസ്എസ് പങ്കെടുക്കണമായിരുന്നു. യോഗത്തിൽ പങ്കെടുക്കാതെ വീട്ടിൽ കയറിയിരുന്ന് അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. ഒരു മുന്നോക്ക സമുദായ നേതാവ് പറഞ്ഞതുകൊണ്ട് മാത്രം മുന്നോക്ക സമുദായ അംഗങ്ങൾ വനിതാ മതിലിൽ പങ്കെടുക്കാതിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈന്ദവ സംഘടനകൾക്കൊപ്പം ഇതര മതസംഘടനകളെയും നവോഥാന കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുകയാണ്. എസ്എൻഡിപിയുടെ എല്ലാ തലത്തിലുള്ള പ്രവർത്തകരും യോഗത്തിന്‍റെ കീഴിലുള്ള സ്കൂൾ, കോളജ് എന്നിവയിൽ നിന്നുള്ളവരും വനിതാ മതിലിന്‍റെ ഭാഗമാകും. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും വനിതാ മതിലിന്‍റെ ഭാഗമാകണമെന്നാണ് തന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് സർക്കാരിനെതിരെയും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. എല്ലാ സമുദായങ്ങൾക്കും ഇടത് സർക്കാരിൽ നിന്നും തുല്യനീതിയല്ല ലഭിക്കുന്നതെന്ന അഭിപ്രായത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.