തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ ആടിയുലഞ്ഞ് ബിജെപി; ബംഗാളിലെ റാലിയിൽ നിന്ന് മോദി പിന്മാറി
Thursday, December 13, 2018 8:03 AM IST
കോൽക്കത്ത: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വത്തിനും തലവേദയാകുന്നു. പശ്ചിമബംഗാളിൽ ബിജെപി അധ്യക്ഷൻ അമിത്ഷായുടെ രഥയാത്ര റദ്ദാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്ന റാലിയിൽ നിന്ന് പിന്മാറി.

രഥയാത്ര നടന്നില്ലെങ്കിലും ഡിസംബർ 16-ന് സിലിഗുഡിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നടക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് അറിയിച്ചിരുന്നത്. എന്നാൽ, റാലിക്ക് പ്രധാനമന്ത്രി എത്തുന്നില്ലെന്നാണ് ഒടുവിൽ ഘോഷ് തന്നെ വെളിപ്പെടുത്തിയത്. മറ്റൊരു പ്രാസംഗികനായി നിശ്ചയിച്ചിരുന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺസിങ്ങും എത്തുന്നില്ലെന്നാണ് വിവരം.

രമൺസിങ്ങിന് എത്താൻ തടസ്സമൊന്നുമില്ലെന്നാണ് ഘോഷ് പറഞ്ഞത്. എന്നാൽ മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ സെക്രട്ടറിമാരിലൊരാളുമായ രാഹുൽ സിൻഹ പറഞ്ഞത് മുഖ്യമന്ത്രിയെന്ന നിലയിലാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും പുതിയ സാഹചര്യത്തിൽ അദ്ദേഹം എത്തുകയില്ലെന്നുമാണ്.

ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിസ്ഥാനം പോയതിനു പുറമെ സ്വന്തം മണ്ഡലത്തിൽ മൂന്നാമതാവുകയും ചെയ്ത രമൺസിങ്ങിനെ ഉൾപ്പെടുത്താൻ സംസ്ഥാന നേതൃത്വത്തിന്‌ താത്പര്യമില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു സിൻഹയുടെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.