മടുത്തു; ഇനിയൊരു ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ
Friday, December 14, 2018 1:06 PM IST
കോഴിക്കോട്: തുടർച്ചയായി നടക്കുന്ന ഹർത്താലുകൾക്കെതിരേ ശക്തമായി പ്രതിഷേധിക്കാൻ വ്യാപാരി സമൂഹം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഇനിയൊരു ഹർത്താലുമായി സഹകരിക്കേണ്ടെന്ന് കോഴിക്കോട്ടെ വ്യാപാരികൾ ഒന്നടങ്കം തീരുമാനിച്ചു. മാസത്തിൽ രണ്ടു ഹർത്താൽ വീതം നടക്കുന്നതിനാൽ ലക്ഷങ്ങളുടെ വരുമാന നഷ്ടമുണ്ടാകുന്നുവെന്ന കാരണമാണ് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.

അതിനിടെ തിരുവനന്തപുരം പാങ്ങോട് ബലമായി കടകളടപ്പിക്കാൻ എത്തിയ ഹർത്താൽ അനുകൂലികളെ വ്യാപാരികൾ ഒന്നടങ്കം തടഞ്ഞു. കടകൾ അടയ്ക്കില്ലെന്ന് നിലപാടെടുത്താണ് വ്യാപാരികൾ ഹർത്താൽ അനുകൂലികളെ തടഞ്ഞത്.

ശബരിമല ദർശനത്തിന് പോയ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിന്‍റെ പേരിൽ നവംബർ 17ന് ബിജെപി പിന്തുണയോടെ സംസ്ഥാനത്ത് ഹർത്താൽ നടന്നിരുന്നു. ഒരു മാസം പിന്നിടും മുൻപാണ് ബിജെപിയും രണ്ടാം ഹർത്താൽ എത്തിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലക്കാർക്ക് ഈയാഴ്ചത്തെ രണ്ടാമത്തെ ഹർത്താലാണ് ഇന്ന് ലഭിച്ചത്. ശബരിമല വിഷയത്തിന്‍റെ പേരിൽ നടന്ന സെക്രട്ടറിയേറ്റ് മാർച്ചിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിൽ ബിജെപി ഹർത്താൽ ആചരിച്ചിരുന്നു.

ചുരുക്കത്തിൽ തിരുവനന്തപുരം ജില്ലയിൽ മാത്രം ഹർത്താലിന്‍റെ പേരിൽ ഒരു മാസത്തിനിടെ വ്യാപാരികൾക്ക് നഷ്ടം കോടികളാണ്. മാസത്തിൽ മൂന്ന് ഹർത്താൽ നടത്തിയാൽ ചെറുകിട വ്യാപാരികൾ വൻതോതിൽ ബാധിക്കുമെന്ന കാരണത്താലാണ് ഇനിയൊരു ഹർത്താലിന് പിന്തുണ നൽകേണ്ടെന്ന നിലപാട് വ്യാപാരി സംഘടനകൾ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.