കമൽനാഥിന്‍റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച
Friday, December 14, 2018 1:36 PM IST
ഭോപ്പാൽ: മുതിർന്ന കോണ്‍ഗ്രസ് നേതാവ് കമൽനാഥ് ഡിസംബർ 17ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഗവർണർ ആനന്ദിബെൻ പട്ടേലിനെ സന്ദർശിച്ച ശേഷമാണ് കമൽനാഥ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാൽ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പടെ നിരവധി ദേശീയ നേതാക്കൾ പങ്കെടുക്കും.

കഴിഞ്ഞ രാത്രി വൈകി ഭോപ്പാലിൽ ചേർന്ന നിയമസഭാ കക്ഷി യോഗമാണ് കമൽനാഥിനെ നേതാവായി തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ജ്യോതിരാദിത്യ സിന്ധ്യയുമായി നിലനിന്നിരുന്ന തർക്കം ഹൈക്കമാൻഡ് ഇടപെട്ട് പരിഹരിച്ച ശേഷമാണ് നിയമസഭാ കക്ഷി യോഗം നടന്നത്. അതിനാൽ അതിവേഗം കമൽനാഥിനെ നിയമസഭാ കക്ഷി നേതാവായി യോഗം തെരഞ്ഞെടുത്തു. മുഖ്യമന്ത്രി സ്ഥാനം നോട്ടമുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ഡൽഹി കേന്ദ്രീകരിച്ചാവും ഇനി പ്രവർത്തിക്കുക.

230 അംഗ നിയമസഭയിൽ 114 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് കോണ്‍ഗ്രസ് മധ്യപ്രദേശിൽ അധികാരം പിടിച്ചത്. നാല് സ്വതന്ത്രരും എസ്പിയുടെ ഒരംഗവും ബിഎസ്പിയുടെ രണ്ടു അംഗങ്ങളും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.