പെർത്തിൽ ഓസീസ് പൊരുതുന്നു
Friday, December 14, 2018 4:13 PM IST
പെർത്ത്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോറിലേക്ക്. ഒന്നാം ദിനം കളിനിർത്തുന്പോൾ ഓസീസ് 277/6 എന്ന നിലയിലാണ്. ക്യാപ്റ്റൻ ടിം പെയിൻ (16), പാറ്റ് കമ്മിൻസ് (11) എന്നിവരാണ് ക്രീസിൽ.

പച്ചപ്പ് നിറഞ്ഞ പെർത്തിലെ പുതിയ പിച്ചിൽ ടോസ് നേടിയ ഓസീസ് നായകൻ ടിം പെയിൻ രണ്ടാമതൊന്ന് ആലോചിക്കാതെ ബാറ്റിംഗ് തെരഞ്ഞെടുത്തു. മാർക്കസ് ഹാരിസ് (70), ആരോണ്‍ ഫിഞ്ച് (50), ട്രാവിസ് ഹെഡ് (58) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഓസീസിന് തുണയായത്. ഷോണ്‍ മാർഷ് 45 റണ്‍സ് നേടി.

നാല് പേസർമാർ ഉൾപ്പെട്ട ഇന്ത്യൻ ആക്രമണത്തെ ഓസീസ് ഓപ്പണർമാർ ഫലപ്രദമായി നേരിട്ടതോടെ മികച്ച തുടക്കം ആതിഥേയർക്ക് ലഭിച്ചു. ആരോണ്‍ ഫിഞ്ച്-മാർക്കസ് ഹാരിസ് സഖ്യം 112 റണ്‍സ് നേടിയ ശേഷമാണ് പിരിഞ്ഞത്. ഉച്ചഭക്ഷണത്തിന് ശേഷമാണ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത്. പിന്നാലെ തുടരെ മൂന്ന് വിക്കറ്റുകൾ കൂടി നേടി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

അഞ്ചാം വിക്കറ്റിൽ ഷോണ്‍ മാർഷും ട്രാവിസ് ഹെഡും ചേർന്നാണ് ഓസീസിനെ പിടിച്ചുകയറ്റിയത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 80 റണ്‍സ് നേടി. മാർഷിനെ വീഴ്ത്തി ഹനുമ വിഹാരിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാല അർധ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡും ഇഷാന്തിന് മുന്നിൽ വീണു.

ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശർമയും ഹനുമ വിഹാരിയും രണ്ടു വീതം വിക്കറ്റുകൾ നേടി. ബുംറ, ഉമേഷ് യാദവ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.