റഫാൽ: സിഎജി റിപ്പോർട്ട് ഫ്രഞ്ച് പാർലമെന്‍റിലാണോ വച്ചതെന്ന് മോദിയോട് രാഹുൽ
Friday, December 14, 2018 7:45 PM IST
ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണക്കിന് പരിഹസിച്ചും രൂക്ഷമായി വിമർശിച്ചും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാടു സംബന്ധിച്ച് വിശദീകരിക്കാൻ മോദി എന്തുകൊണ്ടാണ് മാധ്യമങ്ങളുടെ മുന്നിൽ വരാത്തതെന്ന് രാഹുൽ ചോദിച്ചു.

30,000 കോടി രൂപയുടെ കരാർ എന്തിനാണ് അനിൽ അംബാനിക്ക് നൽകിയതെന്നും എച്ച്എഎല്ലിനെ എന്തിനാണ് ഒഴിവാക്കിയതെന്നും മോദി വിശദീകരിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. മോദി പറഞ്ഞിട്ടാണ് കരാർ നൽകിയതെന്നാണ് ഫ്രാൻസ്വ ഒലാന്ദ് പറയുന്നത്. ഇതോടെ മോദിയുടെ വാദങ്ങൾ പൊളിയുകയാണ്. ഇക്കാര്യം സംബന്ധിച്ച് ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ആവർത്തിച്ചാവശ്യപ്പെട്ടു.

വിമാനത്തിന്‍റെ വില സിഎജി പരിശോധിച്ചെന്നാണ് മോദിയും കേന്ദ്ര സർക്കാരും പറഞ്ഞത്. എന്നിട്ട് സിഎജി റിപ്പോർട്ട് എവിടെ?- രാഹുൽ ചോദിച്ചു. റിപ്പോർട്ട് പിഎസി മുൻപാകെ എത്തിയെന്നായിരുന്നു കോടതിയിൽ കേന്ദ്രം ബോധിപ്പിച്ചത്. ഇതുകൂടി പരിഗണിച്ചായിരുന്നു കോടതി ഈ വിഷയത്തിൽ അന്വേഷണം വേണ്ടെന്ന വിധി പ്രഖ്യാപിച്ചത്.

എന്നാൽ ഇത്തരത്തിൽ ആർക്കും റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടില്ലെന്നു പറഞ്ഞ കോൺഗ്രസ് അധ്യക്ഷൻ ഫ്രഞ്ച് പാർലമെന്‍റിലാണോ മോദിയും കൂട്ടരും സിഎജി റിപ്പോർട്ട് സമർപ്പിച്ചതെന്നും പരിഹാസത്തോടെ ചോദിച്ചു. സിഎജി റിപ്പോർ‌ട്ട് പിഎസിക്ക് മുൻപാകെ സമർപ്പിച്ചത് അതിന്‍റെ അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെ പോലും അറിഞ്ഞിട്ടില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.