കർണാടകയിലെ ഭക്ഷ്യ വിഷബാധ: മരണം 11 ആയി
Friday, December 14, 2018 8:27 PM IST
ബംഗളൂരു: കർണാടകയിലെ ചാമരാജനഗറിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ മരണം 11 ആയി. ഇവിടുത്തെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 70ലേറെപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. പ്രസാദത്തിന്‍റെ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തു വീണിരുന്നു.

ക്ഷേത്രത്തില്‍ ഇന്ന് വിശേഷപൂജ ഉണ്ടായിരുന്നതിനാൽ പ്രസാദവും വിതരണം ചെയ്തിരുന്നു. ഇത്തരത്തില്‍ എത്തിച്ച പ്രസാദത്തിലാണോ വിഷം കലര്‍ന്നത് എന്നും സംശയമുണ്ട്. പ്രസാദത്തിന്‍റെ സാമ്പിള്‍ ശേഖരിച്ച് കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്.

പ്രസാദം കഴിച്ച ഭക്തര്‍ക്ക് ചര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതോടെയാണ് പലരും ചികിത്സ തേടിയത്. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ചികിത്സയ്ക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വ്യക്തമാക്കി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.