‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്’; വേണുഗോപാലൻ നായരുടെ മൊഴിയുടെ പകർപ്പ് പുറത്ത്
Friday, December 14, 2018 9:25 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി സമരപ്പന്തലിന് മുന്നില്‍ വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്ത്. ജുഡീഷൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പുറത്തായിരിക്കുന്നത്. സമൂഹത്തോട് തനിക്ക് വെറുപ്പാണെന്ന് മരണമൊഴിയില്‍ വേണുഗോപാലന്‍ നായര്‍ പറയുന്നുണ്ട്.

അതിനാലാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും സ്വയം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം മൊഴി നൽകിയിരിക്കുന്നത്. മരണം സ്വയം തീരുമാനിച്ചതാണെന്നും ആരും പ്രേരിപ്പിച്ചിട്ടില്ല ആത്മഹത്യയെന്നും മൊഴിയിലുണ്ട്. എന്നാൽ, ബിജെപി സമരമോ ശബരിമലയോ മൊഴിയില്‍ പരാമര്‍ശിച്ചിട്ടില്ല.

വ്യാഴാഴ്ച പുലർച്ചെ ഒന്നോടെയാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. വൈകുന്നേരം മൂന്നോടെയാണ് മരിച്ചത്. മുട്ടട സ്വദേശിയായ വേണുഗോപാലന്‍ നായര്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ബിജെപി മുന്‍ പ്രസിഡന്‍റ് സി.കെ.പത്മനാഭന്‍ നിരാഹാരം കിടക്കുന്ന സമരപന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു.

വേണുഗോപാലന്‍റെ മരണത്തെത്തുടർന്ന് ബിജെപി വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ ആചരിച്ചിരുന്നു. അയ്യപ്പഭക്തരോടുള്ള സര്‍ക്കാരിന്‍റെ സമീപനത്തിന്‍റെ ഇരയാണ് വേണുഗോപാലന്‍ നായരെന്ന് ആരോപിച്ചാണ് വെള്ളിയാഴ്ച ബിജെപി ഹർത്താൽ ആചരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.