എട്ടു വർഷം മുൻപ് 209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി
Friday, January 11, 2019 11:52 AM IST
കൊച്ചി: കഴിഞ്ഞ ഇടതു സർക്കാർ അധികാരമൊഴിയുന്നതിന് മുൻപ് 209 ജീവപര്യന്തം തടവുകാരെ ശിക്ഷായിളവു നൽകി വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഇവരുടെ വിവരങ്ങള്‍ പരിശോധിക്കണമെന്നും മോചനത്തിനുള്ള യോഗ്യത ഇല്ലാത്തവരുണ്ടെങ്കില്‍ ശേഷിച്ച കാലയളവില്‍ തടവു ശിക്ഷ പൂര്‍ത്തിയാക്കണമെന്നുമാണ് ഹൈക്കോടതി ഫുള്‍ ബെഞ്ചിന്‍റെ വിധി.

2011ലെ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് തടവുകാരെ മോചിപ്പിച്ച സര്‍ക്കാര്‍ നടപടിയാണ് കോടതി റദ്ദാക്കിയത്. കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ വധക്കേസുൾപ്പെടെയുള്ള കൊലപാതക കേസുകളില്‍ ശിക്ഷ അനുഭവിച്ചുവന്നവരെ ഉള്‍പ്പെടെയാണ് അന്ന് മോചിപ്പിച്ചത്. ഇതിനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജികൾ പരിഗണിക്കവേയാണ് ഹൈക്കോടതി നിർണായക വിധി പുറപ്പെടുവിച്ചത്.

മോചിപ്പിക്കപ്പെട്ട 209 തടവുകാരിൽ 14 വർഷം തടവ് പൂർത്തിയാക്കിയത് അഞ്ചിൽ താഴെ പേർ മാത്രമാണ്. നെട്ടുകാൽത്തേരി തുറന്ന ജയിൽ-111, കണ്ണൂർ- 45, ചീമേനി- 24, വനിതാ ജയിൽ- ഒന്ന്, പൂജപ്പുര- 28 എന്നിങ്ങനെയാണ് സെൻട്രൽ ജയിലിൽ നിന്നും വിട്ടയച്ചവരുടെ എണ്ണം. അടുത്തിടെ 36 തടവുകാരെ ഒന്നിച്ച് മോചിപ്പിക്കാനുള്ള സർക്കാർ ശിപാർശ ഗവർണർ മടക്കി അയച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.