കൃഷ്ണഗിരിയിൽ വിക്കറ്റ് മഴ; കേരളത്തിന് ലീഡ്
Wednesday, January 16, 2019 11:23 AM IST
വയനാട്: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനെതിരേ കേരളത്തിന് 23 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഗുജറാത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് 162 റണ്‍സിൽ അവസാനിച്ചു. പേസർമാരാണ് ഗുജറാത്തിന്‍റെ പത്ത് വിക്കറ്റുകളും പുഴുതത്. സന്ദീപ് വാര്യർ നാലും ബേസിൽ തന്പിയും എം.ഡി.നിധീഷും മൂന്ന് വീതം വിക്കറ്റുകളും നേടി. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് 185 റണ്‍സിൽ അവസാനിച്ചിരുന്നു.

രണ്ടാംദിനം ഉച്ചഭക്ഷണത്തിന് മുൻപ് തന്നെ ഗുജറാത്തിന്‍റെ ഇന്നിംഗ്സിന് തിരശീല വീണു. 97/4 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഗുജറാത്തിനെ രാവിലെ തന്നെ പേസർമാർ വരിഞ്ഞുമുറുക്കി. ബൗളിംഗ് അനുകൂല വിക്കറ്റിൽ തണുത്ത കാലാവസ്ഥ കൂടിയായതോടെ ബാറ്റ്സ്മാൻമാർ സ്കോർ ചെയ്യാൻ വിഷമിച്ചു.

36 റണ്‍സ് നേടിയ റോഷ് കലാറിയ അവസാനം വരെ പൊരുതിയെങ്കിലും ഇന്നിംഗ്സ് ലീഡ് നേടാൻ സന്ദർശകർക്കായില്ല. ഗുജറാത്ത് നായകൻ പാർഥിവ് പട്ടേൽ 43 റണ്‍സ് നേടി ആദ്യദിനം തന്നെ പുറത്തായിരുന്നു.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങാൻ പോകുന്ന കേരളത്തിന് സഞ്ജു സാംസണിന്‍റെ പരിക്കാണ് തലവേദനയാകുന്നത്. ആദ്യ ഇന്നിംഗ്സ് 17 റണ്‍സുമായി ബാറ്റ് ചെയ്യുന്നതിനിടെ സഞ്ജു കൈയ്ക്ക് പരിക്കേറ്റ് മടങ്ങിയിരുന്നു. പിന്നീട് സഞ്ജു ബാറ്റ് ചെയ്യാൻ എത്തിയില്ല. ഇതോടെ ഒൻപത് വിക്കറ്റുകൾ വീണപ്പോൾ കേരളത്തിന്‍റെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

മത്സരം സമനിലയിലായാൽ ആദ്യ ഇന്നിംഗ്സിലെ ലീഡിന്‍റെ ബലത്തിൽ കേരളത്തിന് രഞ്ജി ട്രോഫി സെമിഫൈനലിൽ ചരിത്രത്തിൽ ആദ്യമായി കളിക്കാൻ അവസരം ലഭിക്കും. അത്തരമൊരു സ്വപ്നം മനസിൽ കണ്ടാവും കേരളം രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് തുടങ്ങുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.