ദുബായ്: ലോകക്രിക്കറ്റിന്റെ രാജകീയ സിംഹാസനത്തിന് അവകാശ തർക്കമില്ല. സർവ്വരും ഏകസ്വരത്തിൽ ഏറ്റുചൊല്ലി "വിരാട് കോഹ്ലി'...! ഐസിസി അവാർഡുകൾ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി തൂത്തുവാരി. ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരത്തിനൊപ്പം മികച്ച ഏകദിന, ടെസ്റ്റ് താരമായും കോഹ്ലി തെരഞ്ഞെടുക്കപ്പെട്ടു. ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളെ നയിക്കുന്നതും ഇന്ത്യൻ ക്രിക്കറ്റിന്റെ പടനായകനാണ്. ഐസിസിയുടെ മൂന്നു പ്രധാന പുരസ്കാരങ്ങളും ഒരുമിച്ച് സ്വന്തമാക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും കോഹ്ലി സ്വന്തം പേരിലാക്കി.
ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് എമർജിംഗ് പ്ലെയർ ഓഫ് ദ ഇയർ. ഐസിസി ടി-20യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം ആരോൺ ഫിഞ്ച് നേടി. സിംബാബ്വേയ്ക്കെതിരെ ഫിഞ്ച് 76 പന്തുകളിൽ 172 അടിച്ചുകൂട്ടിയതാണ് പുരസ്കാരത്തിന് അർഹനാക്കിയത്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ ബാഗിലാക്കി.
കോഹ്ലിക്കൊപ്പം ജസ്പ്രീത് ബുംറ മാത്രമാണ് ടെസ്റ്റ്, ഏകദിന ടീമുകളിൽ ഇടം നേടാൻ സാധിച്ച ഇന്ത്യൻ താരം. ടെസ്റ്റ് ടീമിൽ പന്തും ഏകദിന ടീമിൽ രോഹിത് ശർമയും കുൽദീപ് യാദവും ഇരുവർക്കുമൊപ്പം സ്ഥാനം പിടിച്ചു. ന്യൂസിലാൻഡ് ടീമിലെ മൂന്നു താരങ്ങൾ ടെസ്റ്റ് ടീമിലുണ്ട്. ഇംഗ്ലണ്ട് ടീമുകളിലെ നാല് താരങ്ങൾ ഏകദിന ടീമിലെത്തി. സിംബാബ്വേ ടീമിൽ നിന്ന് ആർക്കും പതിനൊന്നിൽ ഇടംപിടിക്കാനായില്ല.
ഐസിസി റാങ്കിംഗിലെ ഒന്നാമനായിട്ട് 2018 അവസാനിച്ച കോഹ്ലിയെ മുൻ താരങ്ങളും മാധ്യമപ്രവർത്തകരും ഉൾക്കൊള്ളുന്ന വോട്ടിംഗ് അക്കാഡമിയാണ് തെരഞ്ഞെടുത്തത്. ഐസിസിയുടെ മികച്ച ഏകദിന താരമായി തുടർച്ചയായ രണ്ടാം തവണയും ടെസ്റ്റ് താരമായി ആദ്യമായുമാണ് കോഹ്ലി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞവർഷം 13 ടെസ്റ്റുകളിൽ അഞ്ച് സെഞ്ചുറികളോടെ 55.08 ശരാശരിയിൽ 1,322 റൺസാണ് കോഹ്ലി നേടിയത്. 14 ഏകദിന മത്സരങ്ങളിൽ നിന്ന് ആറ് സെഞ്ച്വറികളുടെ ബലത്തിൽ 133.55 ശരാശരിയിൽ 1,202 റൺസും കോഹ്ലി അക്കൗണ്ടിൽ ചേർത്തു.
ഐസിസി ടെസ്റ്റ് ടീം: ടോം ലതാം(ന്യൂസിലൻഡ്), ദിമുത് കരുണാരത്ന (ശ്രീലങ്ക), കെയ്ൻ വില്യംസൺ(ന്യൂസിലൻഡ്), വിരാട് കോഹ്ലി(ഇന്ത്യ-ക്യാപ്റ്റൻ), ഹെന്റി നിക്കോൾസ്(ന്യൂസിലൻഡ്), ഋഷഭ് പന്ത്(ഇന്ത്യ), ജേസൺ ഹോൾഡർ(വെസ്റ്റ് ഇൻഡീസ്), കഗിസോ റബാഡ(ദക്ഷിണാഫ്രിക്ക), നഥാൻ ലിയോൺ(ഓസ്ട്രേലിയ), ജസ്പ്രീത് ബൂംറ(ഇന്ത്യ), മുഹമ്മദ് അബ്ബാസ്(പാക്കിസ്ഥാൻ).
ഏകദിന ടീം: രോഹിത് ശർമ(ഇന്ത്യ), ജോണി ബെയർസ്റ്റോ(ഇംഗ്ലണ്ട്), വിരാട് കോഹ്ലി(ഇന്ത്യ-ക്യാപ്റ്റൻ), ജോ റൂട്ട്(ഇംഗ്ലണ്ട്), റോസ് ടെയ്ലർ(ന്യൂസിലൻഡ്), ജോസ് ബട്ട്ലർ(ഇംഗ്ലണ്ട്), ബെൻ സ്റ്റോക്സ്(ഇംഗ്ലണ്ട്), മുസ്തഫിസുർ റഹ്മാൻ(ബംഗ്ലാദേശ്), റാഷിദ് ഖാൻ(അഫ്ഗാനിസ്ഥാൻ), കുൽദീപ് യാദവ്(ഇന്ത്യ), ജസ്പ്രീത് ബൂംറ(ഇന്ത്യ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.