കാസർഗോഡ് സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
Tuesday, February 19, 2019 12:35 PM IST
തിരുവനന്തപുരം: കാസർഗോട്ട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ കുറ്റവാളികൾക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കാസർഗോഡ് സംഭവം അത്യന്തം അപലപനീയമാണ്. അത്തരമൊരു സംഭവത്തെ നാടും നാട്ടിൽ ആരും അംഗീകരിക്കില്ല. എല്ലാവരും തള്ളിപ്പറഞ്ഞ ഒന്നാണത്. അക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന് ചെയ്യാൻ കഴിയുക കുറ്റവാളികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുക എന്നതാണ്. അത് ചെയ്യുമെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയല്ല സിപിഎം. ഒരുപാട് അക്രമങ്ങൾ നേരിട്ടിട്ടുള്ള പാർട്ടിയാണ്. സിപിഎം എല്ലാ കാലത്തും ആശ്രയിക്കുന്നത് ജനങ്ങളെയാണ്. ജനം എതിരാകുന്ന ഒരു നടപടിയും സിപിഎം സ്വീകരിക്കില്ല. കാസർഗോഡ് സംഭവത്തിൽ കുറ്റവാളികൾക്കെതിരേ നിയമ നടപടി മാത്രമല്ല പാർട്ടി നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.