രാഹുലിന്‍റെ സ്ഥാനാർഥിത്വം കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് കാരണമെന്ന് കോടിയേരി
Saturday, March 23, 2019 2:24 PM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിക്കാൻ തീരുമാനിച്ചതിന്‍റെ കാരണം കേരളത്തിലെ കോണ്‍ഗ്രസിൽ മൂർച്ഛിച്ച ഗ്രൂപ്പ് പോരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രണ്ടു മണ്ഡലങ്ങളിൽ രാഹുൽ മത്സരിക്കുന്നുവെന്നത് തന്നെ കോണ്‍ഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നതിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്‍റെ സ്ഥാനാർഥിത്വം ഇടതുപക്ഷം ഒരുതരത്തിലും ഭയപ്പെടുന്നില്ല. നല്ല ആത്മവിശ്വാസത്തിൽ തന്നെയാണ് ഇടത് സ്ഥാനാർഥികൾ മത്സര രംഗത്തുള്ളത്. ടി.സിദ്ദിഖിന് വേണ്ടി ഉമ്മൻ ചാണ്ടിയും ഐ ഗ്രൂപ്പ് പ്രതിനിധികൾക്ക് വേണ്ടി രമേശ് ചെന്നിത്തലയും വയനാടിനായി കടിപിടി കൂടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ അവിടേയ്ക്ക് സ്ഥാനാർഥിയാകാൻ തീരുമാനിച്ചത്. ഇത് ഉമ്മൻ ചാണ്ടിക്കേറ്റ കനത്ത പ്രഹരമാണെന്നും അദ്ദേഹം ആരോപിച്ചു.

വയനാട്ടിലും അമേഠിയിലും വിജയം നേടാൻ കഴിഞ്ഞാൽ ഏത് മണ്ഡലത്തിലെ ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കുമെന്ന് രാഹുലും കോണ്‍ഗ്രസും വ്യക്തമാക്കണം. രാഹുൽ വയനാട്ടിൽ പരാജയപ്പെട്ടാൽ രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയും രാഷ്ട്രീയ അന്ത്യമാകും. അതിനാൽ അവർ എണ്ണയിട്ട യന്ത്രംപോലെ മണ്ഡലത്തിൽ പ്രവർത്തിക്കും. ഇത് ശേഷിക്കുന്ന 19 സീറ്റിൽ വിജയം നേടാൻ ഇടതുമുന്നണിക്ക് അവസരമാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.